തിരക്കേറി യുനാനി ആസ്പത്രി കിതപ്പേറി രോഗികൾ


മരുന്നുക്ഷാമം പതിവ്, കിടത്തിച്ചികിത്സ തുടങ്ങണമെന്നും ആവശ്യം

മൊഗ്രാലിലെ യുനാനി ആസ്പത്രിയിൽ ചികിത്സതേടിയെത്തിയവരുടെ തിരക്ക്

മൊഗ്രാൽ : ജില്ലയിലെ ഏക യൂനാനി ആസ്പത്രിയായ മൊഗ്രാൽ യുനാനി ആസ്പത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുമ്പോഴും അടിസ്ഥാനസൗകര്യ വികസനത്തിന് ആരോഗ്യ വകുപ്പ് തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ആസ്പത്രിയിൽ ആവശ്യത്തിന് മരുന്നില്ലെന്ന പരാതി പലപ്പോഴും ഉണ്ടാവുന്നുണ്ട്. കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കണമെന്നതാണ് മറ്റൊരാവശ്യം.

സംസ്ഥാനത്തെ ആദ്യ യുനാനി ഗവ. ആസ്പത്രിയാണ് കുമ്പള പഞ്ചായത്തിലെ മൊഗ്രാലിൽ പ്രവർത്തിക്കുന്നത്. രാവിലെ 9.30-ന് മുൻപ് തന്നെ 200 ടോക്കണുകൾ നൽകുമെങ്കിലും ഇതിലുമധികം ആളുകൾ ചികിത്സതേടിയെത്തും.

നേരത്തെ വർഷത്തിൽ 15,000-ത്തോളം രോഗികളാണ് ചികിത്സതേടി വന്നിരുന്നതെങ്കിൽ ഇപ്പോൾ അത് ഇരട്ടിയിലധികം വർധിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളതിന് പുറമെ കർണാടക അതിർത്തിപ്രദേശങ്ങളിൽനിന്നും നിരവധിപേരാണ് ഇവിടെയെത്തുന്നത്. ടോക്കൺ കിട്ടാതെ മടങ്ങിപ്പോകുന്നവരും പതിവുകാഴ്ചയാണ്.

ആസ്പത്രിക്ക് മരുന്നുവാങ്ങാൻ കുമ്പള ഗ്രാമപ്പഞ്ചായത്തും സർക്കാരും ഫണ്ട് ലഭ്യമാക്കുന്നുണ്ട്.

അടുത്തിടെയാണ് ആസ്പത്രിക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഹെൽത്ത് വെൽനസ് കേന്ദ്രത്തിനായി കെട്ടിടം നിർമിച്ചത്. ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയുംചെയ്തു. ആസ്പത്രിയിൽ നേരത്തെ തന്നെ ലാബും സജ്ജമാക്കിയിരുന്നു. കുമ്പള ഗ്രാമപ്പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല.

മരുന്നിനുള്ള ഫണ്ട് വർധിപ്പിക്കണം

രോഗികളുടെ വർധനമൂലം മരുന്നിന് 2021-22 വർഷ കാലയളവിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.

2022-23 വാർഷിക പദ്ധതിയിൽ തുക 25 ലക്ഷം രൂപയാക്കി വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുൻപും മരുന്ന് ക്ഷാമമുണ്ടായിരുന്നു.

അപ്പോഴൊക്കെ പഞ്ചായത്തധികൃതർ തുക വർധിപ്പിച്ച് പരിഹരിക്കുകയാണ് പതിവ്. യൂനാനി മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർ അലി ഉൾപ്പെടെ രണ്ട് ഡോക്ടർമാരുടെ സേവനം ഇപ്പോൾ ഡിസ്പെൻസറിയിൽ ലഭ്യമാണ്. മൊഗ്രാൽ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി സ്ഥിതിചെയ്യുന്ന ആസ്പത്രിയിൽ ദിവസേന വിദ്യാർഥികളും ചികിത്സതേടിയെത്തുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..