തൃക്കരിപ്പൂർ: നിറയെ പ്രതീക്ഷകളുമായി മറ്റൊരു വിളവെടുപ്പ് കാലത്തിനായി കാത്തിരിക്കുകയാണ് തെക്കേക്കാടിലെ കല്ലുമ്മക്കായ കർഷകർ. തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിലായി കവ്വായിക്കായലിൽനിന്നുള്ള കല്ലുമ്മക്കായകൾ നാടും നഗരവും കടന്ന് വിദേശത്തുപോലും എത്തുന്നുണ്ട്. രണ്ടുപതിറ്റാണ്ടിലധികമായി തീരദേശ പഞ്ചായത്തുകളിലെ കർഷകരുടെ പ്രധാന വരുമാനമാർഗമാണ് കല്ലുമ്മക്കായ കൃഷി. കാര്യമായ പരിചരണം ആവശ്യമില്ലെന്നതും മുതൽമുടക്കിയതിന്റെ മൂന്നിരട്ടിയെങ്കിലും ലാഭം കിട്ടുമെന്നതുമാണ് അതിന് കാരണം.
നവംബർ, ഡിസംബർ മാസങ്ങളിലാണ് കായലിൽ വിത്തിറക്കുന്നത്. ഈ വർഷം ഒക്ടോബറിൽ വിത്തിറക്കിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ആറുമാസത്തിനുള്ളിൽ വിളവെടുക്കാം. ലവണാംശം ഏറിയതാണ് കവ്വായിക്കായലിൽ കല്ലുമ്മക്കായയുടെ വളർച്ചയ്ക്ക് സഹായകമാവുന്നത്. പുഴകളിലെ പ്രത്യേക പ്ലാറ്റ്ഫോമിൽ കല്ലുമ്മക്കായവിത്തുകൾ കയറിൽ കോർത്ത് വെള്ളത്തിൽ തൂക്കിയിടുകയാണ് പതിവ്. കാലവർഷം തുടങ്ങുന്നതിനുമുൻപ് വിളവെടുപ്പ് പൂർത്തിയാക്കണം. ചൂടുകൂടിയാലും കാലംതെറ്റി മഴപെയ്താലും കൃഷിനാശം പതിവാണ്.
കാലാവസ്ഥാവ്യതിയാനവും ഇടനിലക്കാരുടെ ചൂഷണവും കർഷകരെ വലയ്ക്കുന്നുണ്ട്. പുഴമലിനീകരണവും ഉത്പാദനം കുറയാൻ കാരണമാകുന്നു. വ്യക്തികൾ, പുരുഷ സ്വയംസഹായസംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കൃഷി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, മംഗളൂരു, കാസർകോട് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും വിത്ത് കൊണ്ടുവരുന്നത്. വിത്തുത്പാദനം കുറഞ്ഞ കഴിഞ്ഞ വർഷം ഒരു ചാക്ക് വിത്തിന് 9000 രൂപയോളം കർഷകർ നൽകേണ്ടിവന്നിരുന്നു. എന്നാൽ, ഈ വർഷം അത് 7000 ആയതിന്റെ ആശ്വാസത്തിലാണ് കർഷകർ.
വിജയത്തിരയിൽ ഗുൽ മുഹമ്മദിന്റെ പരീക്ഷണ വിജയം
പടന്നയിലെ ജി.എസ്. ഗുൽ മുഹമ്മദാണ് കല്ലുമ്മക്കായ കൃഷി ഈ തീരദേശത്ത് പരിചയപ്പെടുത്തുന്നത്. നൂതന ആശയങ്ങളിലൂടെ പാവപ്പെട്ടവരെ സഹായിച്ചതിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച ജി.എസ്. ഗുൽ മുഹമ്മദ് നടത്തിയ വിവിധ കൃഷിപരീക്ഷണങ്ങളിൽ വിജയം കൊയ്തത് കല്ലുമ്മക്കായ കൃഷിയായിരുന്നു. 1995-ൽ കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രം (സി.എം.എഫ്.ആർ.ഐ.) നടത്തിയ പരിശോധനയിലാണ് കവ്വായിക്കായൽ കല്ലുമ്മക്കായ കൃഷിക്ക് 100 ശതമാവും യോഗ്യമാണെന്ന് കണ്ടെത്തിയത്.
1996-ലാണ് ഗുൽ മുഹമ്മദ് കവ്വായിക്കായലിൽ കല്ലുമ്മക്കായ കൃഷിക്ക് തുടക്കമിട്ടത്. തെക്കേക്കാട്ട് ബണ്ടിന് സമീപം 160 കൈവിത്തുകളിട്ടാണ് ആദ്യ പരീക്ഷണം. മൂന്നുമാസം കൊണ്ട് നല്ല വലുപ്പമുള്ള കല്ലുമ്മക്കായ ലഭിച്ചു. പിന്നീട് നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി പേർ സംഘങ്ങളായി കൃഷിയിലേക്ക് വന്നു. 1998-ൽ പ്രാദേശിക വിപണി കുറഞ്ഞപ്പോൾ ഗുൽ മുഹമ്മദ് ഇടപ്പെട്ട് 1999-ഓടെ വിദേശ കയറ്റുമതി ആരംഭിച്ചു. നിലവിൽ ജനകീയ മത്സ്യക്കൃഷിയിൽ കല്ലുമ്മക്കായ കൃഷിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 1460 കർഷകർ ജില്ലയിൽ കല്ലുമ്മക്കായ കൃഷി തുടങ്ങി. ഈ കർഷകർക്ക് സബ്സിഡിയിനത്തിൽ 6000 രൂപ ലഭ്യമാകും. കർഷകർ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ലൈസൻസ് നേടാത്തവർക്ക് കൃഷിചെയ്യാൻ അനുമതി ലഭിക്കില്ല. ജില്ലയിൽ നിലവിൽ 99 ശതമാനം കർഷകരും ലൈസൻസ് നേടിയിട്ടുണ്ട്. അടുത്ത വർഷത്തോടെ മുഴുവൻ കർഷകരും അതിന്റെ ഭാഗമാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ അറിയിച്ചു.
കാത്തിരിക്കുന്നത് വിത്തുത്പാദന കേന്ദ്രത്തിന്
കല്ലുമ്മക്കായ കർഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു പദ്ധതി വലിയപറമ്പ് പഞ്ചായത്തിലെ പുലിമുട്ടിനു സമീപം അഞ്ചേക്കർ സ്ഥലത്ത് നിലവിൽവരുന്ന കല്ലുമ്മക്കായ വിത്തുത്പാദന കേന്ദ്രമാണ്. അഞ്ചുകോടി രൂപ നിർമാണച്ചെലവിൽ കാസർകോട് വികസന പാക്കേജിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തിലാണ് വിത്തുത്പാദന കേന്ദ്രം നിലവിൽ വരുന്നത്. സി.എം.എഫ്.ആർ.ഐ. പ്രരംഭനടപടികൾ ആരംഭിച്ച പദ്ധതി രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..