സൂരംബയൽ സ്കൂളിനുമുന്നിൽ അപകടം പതിവ്‌


2 min read
Read later
Print
Share

റോഡ്‌ മുറിച്ച്‌ കടത്തിക്കുന്നത്‌ അധ്യാപകർ

കുമ്പള: റോഡ് മുറിച്ച് കടക്കൽ ഇവിടുത്തെ വിദ്യാർഥികൾക്ക്‌ ഞാണിന്മേൽക്കളിയാണ്. കുമ്പള-മുള്ളേരിയ റോഡരികിൽ സൂരംബയൽ ഗവ. ഹൈസ്കൂളിലെ കുട്ടികൾക്കാണ് റോഡ് മുറിച്ച് കടക്കൽ ദുരിതമാവുന്നത്. അടുത്തിടെ രണ്ട്‌ അപകടങ്ങൾ നടന്നു. അതോടെ വിദ്യാർഥികളെ അധ്യാപകരെത്തിയാണ്‌ റോഡ്‌ മുറിച്ച്‌ കടത്തിക്കുന്നത്‌.

റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നാംതരം വിദ്യാർഥിനി സൗപർണികയ്ക്ക് അടുത്തിടെ ബൈക്കിടിച്ച് പരിക്കേറ്റു. അധ്യാപികയായ ശ്രീലേഖയ്ക്കും കാറിടിച്ച് പരിക്കേറ്റു. റോഡിൽ സൂരംബയൽ സ്കൂളിന് മുൻപിൽ സീബ്രാ വര, മുന്നറിയിപ്പ്‌ വിളക്ക്‌ എന്നിവ സ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് പി.ടി.എ. പഞ്ചായത്തധികൃതർക്ക് നിവേദനം നൽകിയിരിക്കുകയാണ്.

റോഡ് വീതികൂട്ടി നവീകരിച്ചതോടുകൂടി ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗം കൂടി. വാഹനങ്ങളുടെ എണ്ണവും വർധിച്ചു. അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് മുൻപിൽ റോഡ് കടക്കാൻ കുട്ടികൾക്ക് പേടിയാവുകയാണ്. തുടർച്ചയായി അപകടം നടക്കുന്നതിനാൽ അധ്യാപക രക്ഷാകർതൃസമിതി യോഗം ചേർന്ന് റോഡ് കടക്കാനായി കുട്ടികളെ സഹായിക്കാമെന്ന തീരുമാനമെടുത്തു. അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളെ റോഡ് മുറിച്ച് കടത്തുകയാണ് ഇപ്പോൾ.

സ്കൂളിന് മുന്നിൽ റോഡിലെ വളവ് കാരണം കുട്ടികളെ റോഡ് കടത്തുന്നത് കുറച്ചകലെയുള്ള സ്ഥലത്താണ്. വൈകീട്ട് സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായി അതത് ദിവസം ചുമതലയുള്ള അധ്യാപികമാർ റോഡരികിൽ നിൽക്കും. ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം കുട്ടികളെ കടത്തിവിടുകയാണ്‌ ചെയ്യുന്നത്. സീതാംഗോളി, ബേള, പുത്തിഗെ, മായിപ്പാടി, കുമ്പള എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക്‌ വേണ്ടിയാണിത്. മുജങ്കാവിൽനിന്നെത്തുന്ന റോഡും കൂടിച്ചേരുന്നതിവിടെയാണ്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

മുന്നറിയിപ്പ്‌ സംവിധാനം വേണം

വാഹനങ്ങളുടെ വേഗം പേടിപ്പെടുത്തുന്നു. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. സ്കൂൾ മേഖലയായതിനാൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനം വേണം.

പോലീസിലും പഞ്ചായത്തിലും നിവേദനം നൽകി

തുടർച്ചയായുണ്ടാകുന്ന അപകടം ഒഴിവാക്കാൻ നടപടി വേണം. ഇതുസംബന്ധിച്ച് കുമ്പള പോലീസ് ഇൻസ്പെക്ടർക്കും പുത്തിഗെ പഞ്ചായത്ത് പ്രസിഡൻറിനും നിവേദനം നൽകി.

കുട്ടികളെ അയക്കാൻ പേടി

സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ പേടിയാവുന്നു. റോഡ് വീതികൂട്ടി നവീകരിച്ചതോടെ വാഹനങ്ങളുടെ മത്സരയോട്ടമാണ് നടക്കുന്നത്.

അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി

സ്കൂൾ രക്ഷാകർതൃസമിതിയുടെ നിവേദനം ലഭിച്ചിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..