ജില്ലയിൽ തണ്ണീർത്തടങ്ങളുടെ വിസ്തൃതി കുറയുന്നു


1 min read
Read later
Print
Share

ലോക തണ്ണീർത്തട ദിനം ഇന്ന്‌

Caption

കാഞ്ഞങ്ങാട് : ജില്ലയിൽ തണ്ണീർത്തടങ്ങളുടെ എണ്ണവും വിസ്തൃതിയും ഒരോവർഷവും കുറഞ്ഞുവരുന്നതായി കണ്ടെത്തൽ. ജില്ലാ പരിസ്ഥിതിസമിതിയുടെ ഘടകമായ ജില്ലാ കുന്നുവയൽ സംരക്ഷണസമിതി നേരിട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

സർക്കാർ കണക്കുകൾ ലഭിക്കാത്തതിനാൽ സമിതിപ്രവർത്തകർ നേരിട്ട് അന്വേഷണം നടത്തുകയായിരുന്നു. ശുദ്ധജലലഭ്യത ഇല്ലാതാക്കുന്ന രീതിയിൽ ജില്ലയിൽ വ്യാപകമായി തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുന്നതായും കുന്നുകൾ ഇല്ലാതാകുന്നതായും കണ്ടെത്തി.

രണ്ടുവിള നെൽക്കൃഷിയും മൂന്നുവിളയും നടത്തുന്ന വയലുകളുകളും തീരപ്രദേശത്തോട് ചേർന്ന വിശാലമായ തടാകസദൃശമായ ആവികളുമാണ് കൈയേറ്റത്തെ തുടർന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

മലയോരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മലയോരത്തെ നെൽവയലുകൾ കവുങ്ങിൻതോപ്പുകളായാണ് രൂപമാറ്റം വരുത്തുന്നത്. നെൽക്കൃഷിയിലെ നഷ്ടക്കണക്കുകളും തൊഴിലാളിക്ഷാമവും പുതുതലമുറ കൃഷിയോട് മുഖം തിരിഞ്ഞ് നിൽക്കുന്നതുമടക്കമുള്ള കാര്യങ്ങളുമാണ് വയലുകളെ തരിശിലേക്കും പിന്നീട് പറമ്പുകളായി മാറ്റുന്നതിലേക്കും നയിക്കുന്നത്.

മാറ്റം ഒരു പതിറ്റാണ്ടിനിടെ

കാഞ്ഞങ്ങാടിന്റെയും അജാനൂരിന്റെ തീരപ്രദേശങ്ങളുടെ ശുദ്ധജല സ്രോതസ്സുകളായ ആവികളുടെയും നെൽവയലുകളുടെയും വിസ്തൃതി പകുതിയിലും താഴെയായതായി കണ്ടെത്തി.

ഒരുപതിറ്റാണ്ടിനിടെയാണ് ഈ മാറ്റം സംഭവിച്ചതെന്ന് കുന്നുവയൽ സംരക്ഷണസമിതി വ്യക്തമാക്കുന്നു. ആവികളും നെൽവയലുകളും നഷ്ടപ്പെടുന്നതിന് പിന്നിൽ നിയമം നടപ്പാക്കേണ്ട അധികൃതരുടെ ഒത്താശയും ഭൂമാഫിയയുമാണെന്നാണ് സമിതിയുടെ കണ്ടെത്തൽ.

തണ്ണീർത്തടസംരക്ഷണനിയമം പരസ്യമായി ലംഘിച്ചും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചുമാണ് ആവികളും വയലുകളും പറമ്പുകളായി മാറ്റിയത്.

കാഞ്ഞങ്ങാടിന്റെ തീരപ്രദേശങ്ങളിലെ സ്ഥലങ്ങൾ അറിയപ്പെടുന്നത് ആവിക്കര, മുറിയനാവി, കല്ലുരാവി തുടങ്ങിയ ആവികളുടെ പേരുമായി ബന്ധപ്പെട്ടാണ്. നെൽക്കർഷകർക്ക് പരമാവധി പ്രോത്സാഹനവും സഹായവും നൽകി അവരെ ഈ രംഗത്ത് പിടിച്ചുനിർത്തേണ്ട ആവശ്യകതയുണ്ട്.

സ്ഥിതി തുടർന്നാൽകടുത്ത ശുദ്ധജലക്ഷാമം

കൈയേറ്റവും തരംമാറ്റലും ഇതേരീതിയിൽ തുടർന്നാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനൊപ്പം വേനലിൽ കടുത്ത ശുദ്ധജലക്ഷാമത്തിലേക്കും നാട് നീങ്ങുമെന്ന് സമിതി മുന്നറിയപ്പ് നൽകുന്നു.

അവശേഷിക്കുന്ന തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ പ്രാദേശിക ഭരണതലത്തിൽ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..