പൊയിനാച്ചിയിലെ സമരപ്പന്തലിൽ എം.എം. ഹസ്സൻ സംസാരിക്കുന്നു
പൊയിനാച്ചി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മേൽപ്പാലം ആവശ്യപ്പെട്ട് നാട്ടുകാരുടെ കർമസമിതി സമരം ശക്തമാക്കുന്നു.
കരാർ കമ്പനിയായ മേഘ എൻജിനിയറിങ് ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് പൊയിനാച്ചി പറമ്പിൽ തുടങ്ങാനിരിക്കുന്ന ടാർ മിക്സിങ് പ്ലാന്റിലേക്ക് 13-ന് കർമസമിതിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്ലാന്റ് പ്രവർത്തനം തടയുമെന്നാണ് കർമസമിതിയുടെ നിലപാട്.
മേൽപ്പാലം അനുവദിക്കാനാകില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ദേശീയപാതാ അതോറിറ്റി അധികൃതരും. ടൗണിൽനിന്ന് 170 മീറ്റർ വടക്കായി നിർദേശിച്ച നിർദിഷ്ട അടിപ്പാതയെ ബന്ധപ്പെടുത്തി പ്രത്യേക സർവീസ് റോഡുകൾ ഒരുക്കി യാത്ര സുഗമമാക്കാമെന്ന് ദേശീയപാതാ പദ്ധതി നിർവഹണവിഭാഗം (കണ്ണൂർ) പ്രോജക്ട് ഡയറക്ടർ കർമസമിതിയെ അറിയിച്ചു. അലൈൻമെന്റ് മാറ്റുന്നത് പദ്ധതിക്ക് കാലതാമസമുണ്ടാക്കുമെന്നും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊയിനാച്ചിയിൽ ഒന്നരമാസമായി ദേശീയപാതാ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. കർമസമിതിയുടെ സമരം 40-ാം ദിവസത്തിലെത്തി. കക്ഷിരാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായാണ് സമരം. ബുധനാഴ്ച സമരപ്പന്തൽ യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ സന്ദർശിച്ചു. യു.ഡി.എഫ്. നേതൃത്വവുമായി ആലോചിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..