മറഞ്ഞത് കാസർകോടിന്റെ ടി.ഇ.


2 min read
Read later
Print
Share

• ടി.ഇ.അബ്ദുള്ളയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും (ഫയൽ ചിത്രം)

കാസർകോട്: രണ്ടുതവണ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും മൂന്നുപ്രാവശ്യം നഗരപിതാവാവുകയും ചെയ്ത ടി.ഇ.അബ്ദുള്ള 27 വർഷത്തോളം കാസർകോട് നഗരസഭാ കൗൺസിലറായിരുന്നു. 2000-ത്തിലും 2005-ലുമാണ് ടി.ഇ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചെയർമാനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തന്റെ കർമമണ്ഡലത്തിൽ എത്തിക്കാനും അദ്ദേഹത്തിനായി.

മറ്റ് നഗരസഭകൾക്ക് മാതൃകയായി നിരവധി പദ്ധതികൾ കാസർകോട്ട് നടപ്പാക്കാനും ടി.ഇ.ക്കായി. ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ, ഇ-പേയ്‌മെന്റ്, ഷീ ടാക്സി തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് ആദ്യം തുടങ്ങിയത് ടി.ഇ.യുടെ നേതൃത്വത്തിലായിരുന്നു. നഗരസഭാ കാര്യാലയത്തോട് ചേർന്ന് കുടുംബശ്രീ കേന്ദ്രവും ജനസേവന കേന്ദ്രവും അദ്ദേഹം തുടങ്ങി.

മികച്ച കൗൺസിൽ ഹാൾ മറ്റൊരു ഉദാഹരണമാണ്. മന്ത്രി മഞ്ഞളാംകുഴി അലിയാണ് അത് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലേക്ക് ഇനിയും മത്സരിക്കണമെന്ന അഭ്യർഥനയുമായി പാർട്ടിയിലെ ഒരു വിഭാഗം ടി.ഇ.യെ സമീപിച്ചിരുന്നു. എന്നാൽ, അത് വിനയത്തോടെ നിരസിച്ചാണ് കാസർകോടിന്റെ എം.എൽ.എ. ആയിരുന്ന ടി.എ.ഇബ്രാഹിമിന്റെ മകൻ പടിയിറങ്ങിയത്.

2020 ഫെബ്രുവരി 17-നാണ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായി ടി.ഇ. തിരഞ്ഞെടുക്കപ്പെട്ടത്. എം.സി.ഖമറുദ്ദീൻ മഞ്ചേശ്വരം എം.എൽ.എ.യായതിനെ തുടർന്നായിരുന്നു അത്. കമ്മിറ്റിയിൽ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം 2019 ഒക്ടോബർ ഒൻപതുമുതൽ ആക്ടിങ് പ്രസിഡന്റായിരുന്നു. വീട്ടിൽ രാഷ്ട്രീയം കണ്ടും കേട്ടും വളർന്ന ടി.ഇ.അബ്ദുള്ള എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. തളങ്കര മുസ്‌ലിം ഹൈസ്കൂൾ യൂണിറ്റ് എം.എസ്.എഫ്. പ്രസിഡന്റായിരുന്നു. ഹൈസ്കൂൾ ലീഡറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അവിഭക്ത കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം, കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, കാസർകോട് നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്, കാസർകോട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി, കാസർകോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, കാസർകോട് വികസന അതോറിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച ടി.ഇ. 2008 മുതൽ സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗമാണ്.

ഫുട്‌ബോൾ കളിക്കാരൻ കൂടിയായിരുന്ന ടി.ഇ.അബ്ദുള്ള നേരത്തേ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോടിന്റെ വികസന ശില്പികളിലൊരാൾ എന്ന നിലയിലാണ് അറിയപ്പെടുന്നത്. നഗരസഭാ കോൺഫറൻസ് ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവുമെല്ലാം അദ്ദേഹത്തിന്റെ സംഭാവനയാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..