പെരിയയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
പെരിയ : പെരിയ ദേശീയപാതയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിയയിലെ കൊരുപ്പുകട്ട സ്ഥാപനം ഉടമ നിടുവോട്ടുപാറയിലെ വൈശാഖ് (22) ആണ് മരിച്ചത്. കാർ യാത്രക്കാരിയായിരുന്ന വിദ്യാർഥിനിക്ക് സാരമായി പരിക്കേറ്റു. ബസ് യാത്രക്കാരായ പത്തോളം പേർക്കും പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് 5.30-ഓടെ പെരിയോക്കിയിൽ വൈശാഖ് ഓടിച്ചിരുന്ന കാറും കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന കസിൻസ് എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്തിരുന്ന കാസർകോട് ഗവ.കോളേജിലെ മൂന്നാം വർഷ ബി.എസ്‌സി. വിദ്യാർഥിനി പുല്ലൂർ തടത്തെ ആരതി (22) ക്കാണ് പരിക്കേറ്റത്. ആരതിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
തകർന്ന കാറിൽ കുടുങ്ങിയ പെൺകുട്ടിയെ 20 മിനിറ്റുനേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർക്ക് പുറത്തെടുക്കാനായത്. വൈശാഖ് ഉഡുപ്പി സ്വദേശിയായ പരേതനായ സദാനന്ദന്റെയും അമ്മിണിയുടെയും മകനാണ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.
ബസ് യാത്രികരായ മുത്തനടുക്കത്തെ ഐശ്വര്യ (19), പെരിയയിലെ വിജിന (25), തണ്ണോട്ടെ ശ്രീവിദ്യ (37), മൂന്നാം കടവ് പുളിക്കാലിലെ കെ.ടി. കുഞ്ഞിക്കണ്ണൻ (68), തുമ്പക്കുന്നിലെ മാധവി (60), ജിതിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. വൈശാഖിന്റെ മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..