മംഗളൂരു ഉൾക്കടലിൽ തീരസംരക്ഷണസേന നടത്തിയ ശക്തിപ്രകടനം
മംഗളൂരു : തീരസംരക്ഷണസേനയുടെ വരാഹ് കപ്പലിൽ നിന്നുതിർന്ന വെടിയുണ്ടകളേറ്റ് കടൽപ്പരപ്പിലെ വെള്ളം ചിതറിത്തെന്നി....കടലിൽ വീണ നാവികനെ മൂന്ന് ഹെലിക്കോപ്റ്ററുകൾ പറന്നെത്തി കയറിൽ കയറ്റി രക്ഷപ്പെടുത്തി...
രാത്രികാല നിരീക്ഷണത്തിന് ഉൾക്കടലിൽ വെളിച്ചമേകാനായി ഏറെ നേരം കത്തുന്ന തീഗോളങ്ങൾ കപ്പലിൽ നിന്ന് ആകാശത്തേക്കുയർന്നു...മംഗളൂരു പുതുതുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ 47-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സേനയുടെ ശക്തിപ്രകടനം കാണികളിൽ അദ്ഭുതം നിറച്ചു.
രണ്ടു കപ്പലുകളിലായി തുറമുഖജീവനക്കാരുടെ ബന്ധുക്കൊപ്പം കർണാടക ഗവർണർ തവാർ ചന്ദ് ഖെലോട്ടും ആഴക്കടലിലേക്ക് ചെന്നു. 'കടലിലൊരു പകൽ' എന്നു പേരിട്ട നാലുമണിക്കൂർ നീണ്ട സേനാഭ്യാസ പരിപാടിയിൽ തീരസംരക്ഷണ സേന എങ്ങനെയാണ് കടലിൽ പ്രവർത്തിക്കുന്നത് എന്ന് നേരിട്ട് കാണിക്കുകയായിരുന്നു. രണ്ട് കപ്പലുകൾക്കൊപ്പം രണ്ട് സ്പീഡ് ബോട്ടുകളും മൂന്ന് ഹെലിക്കോപ്റ്ററുകളും പങ്കെടുത്തു.
കപ്പലിലോ ബോട്ടിലോ തീപ്പിടിത്തമുണ്ടായാൽ അണയ്ക്കുന്നവിധം, കടലിലകപ്പെട്ടവരെ ബോട്ടിലും ഹെലിക്കോപ്റ്ററിലുമെത്തി രക്ഷപ്പെടുത്തുന്ന രീതി, ഒരേ വേഗത്തിൽ സമാന്തരമായി സഞ്ചരിക്കുന്ന രണ്ടു കപ്പലുകളിൽനിന്ന് ചരക്കുകളും മറ്റും പരസ്പരം കൈമാറ്റം ചെയ്യുന്നത്. കപ്പലിൽനിന്ന് രക്ഷാപ്രവർത്തനത്തിനായി സ്പീഡ് ബോട്ട് കടലിൽ ഇറക്കുന്നത് തുടങ്ങിയവ പ്രദർശിപ്പിച്ചു.
തീരസംരക്ഷണസേന പശ്ചിമമേഖലാ ഇൻസ്പെക്ടർ ജനറൽ എം.വി. ബാഡ്കർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പ്രവീൺകുമാർ മിശ്ര എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..