പൊയിനാച്ചിയിൽ ബുധനാഴ്ച കടിയേറ്റത് ഏഴുപേർക്ക് തെരുവുനായ്ക്കൾ വിലസുന്നു; ഭയന്നുവിറച്ച് നാട്ടുകാർ


നായയുടെ കടിയേറ്റ സ്ത്രീകൾ

പൊയിനാച്ചി : ടൗണും ഗ്രാമവീഥികളും തെരുവുനായക്കൂട്ടങ്ങളുടെ പിടിയിലാകുമ്പോഴും ഇവയെ നിയന്ത്രിക്കാൻ നടപടിയില്ല. കഴിഞ്ഞ ദിവസം ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റ പൊയിനാച്ചിയിലും തെക്കിൽപ്പറമ്പിലുമായി അൻപതിലേറെ നായ്ക്കളാണ് ജീവന് ഭീഷണിയായി വിലസുന്നത്.

വിദ്യായങ്ങൾക്ക് സമീപമാണ് ഇവയുടെ മുഖ്യതാവളം. പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുപോലും നടപടി തുടങ്ങിയിട്ടില്ല.

വീടുകളിൽ കയറിയാണ് ബുധനാഴ്ച പൊയിനാച്ചി ഭാഗത്ത് തെരുവുനായ മിക്കവരെയും കടിച്ചത്. നായ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും കടിയേറ്റു.

പൊയിനാച്ചി നെല്ലിയടുക്കത്തെ ഇ.നളിനി (65), കെ.നളിനി (62), ഭാർഗവി (70), കെ.രമണി (62), തെക്കിൽപ്പറമ്പ് താനത്തിങ്കാലിലെ ശാന്തകുമാരി (55), ഏഴരക്കൂട്ടത്തിലെ വ്യാപാരി രവീന്ദ്രൻ കക്കുന്നിൽ (45), വാർപ്പ് തൊഴിലാളി പറമ്പ് വലിയവീട്ടിൽ മാധവൻ നായർ (52) എന്നിവരാണ് നായയുടെ ആക്രമത്തിന് ഇരയായത്.

പൊയിനാച്ചി സരസ്വതി വിദ്യാലയത്തിന് പിറകിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണിക്കെത്തിയ മാധവൻ ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുമ്പോഴാണ് മുഖത്ത് കടിയേറ്റത്. ഏഴരക്കൂട്ടത്തിൽ കടയിലെ ബെഞ്ചിൽ ഇരിക്കുമ്പോഴാണ് പാഞ്ഞുവന്ന നായ രവീന്ദ്രനെ ആക്രമിച്ചത്. ഭാർഗവി വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടിയേറ്റത്. ഈ ഭാഗങ്ങളിലെ പശുക്കിടാവ്, കോഴി, വളർത്തുപൂച്ച എന്നിവയ്ക്കും നായയുടെ കടിയേറ്റു.

ചട്ടഞ്ചാൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി.എം.കായിഞ്ഞിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ കടിയേറ്റവരുടെ വീടുകൾ സന്ദർശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ചുമതലയുള്ള പി.രവീന്ദ്രൻ, ജെ.എച്ച്.ഐ. പി.നാരായണൻ, ജെ.പി.എച്ച്.എൻ. ടി.ജെ.ദീപ, എൻ.അനിത, ആശാവർക്കർമാരായ കെ.ഷാനിമോൾ, കെ.സുമതി എന്നിവരും ഒപ്പമുണ്ടായിരുന്നു.

കടിയേറ്റവർക്ക് രണ്ടാംഘട്ട പ്രതിരോധ കുത്തി വെപ്പ്‌ ചട്ടഞ്ചാൽ കേന്ദ്രത്തിൽനിന്ന് നൽകും. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് പരവനടുക്കം വെറ്ററിനറി ഡിെസ്പൻസറിയിൽ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..