Caption
കാഞ്ഞങ്ങാട് : സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായ എ.കെ. നാരായണനെ അതിയാമ്പൂരിലെ വീട്ടിലെത്തി സ്പീക്കർ എ.എൻ. ഷംസീർ ആദരിച്ചു. മാതൃഭൂമി ലേഖകനായിരുന്ന ടി.കെ.കെ. നായരുടെ സ്മരണയിൽ ടി.കെ.കെ. ഫൗണ്ടേഷന്റെ പുരസ്കാരം സമ്മാനിക്കാനാണ് സ്പീക്കറെത്തിയത്. മുറിയിൽ നിന്നു കൈപിടിച്ച് എ.കെ.യെ പുറത്തേക്ക് കൂട്ടിക്കൊണ്ടുവരാനും സൗഹൃദം പങ്കിടാനും മറ്റുള്ളവർക്കൊപ്പം സ്പീക്കറും ചേർന്നു.
എ.കെ. ഉൾപ്പടെയുള്ള ട്രേഡ് യൂണിയൻ നേതാക്കളുടെ പേര് കേട്ടും അനുഭവങ്ങളറിഞ്ഞും വളർന്നയാളാണ് താനെന്ന് പുരസ്കാരം സമർപ്പിച്ചശേഷം ഷംസീർ പറഞ്ഞു. രാജ്യത്ത് ട്രേഡ് യൂണിയൻ നിയമങ്ങളെ ഇല്ലാതാക്കുന്ന സാഹചര്യമാണിന്ന്. എ.കെ. ഉൾപ്പെടെയുള്ളവരുടെ പോരാട്ടത്തിന്റെ ഫലമാണ് ഈ നിയമങ്ങളെല്ലാമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സി.കെ. ശ്രീധരൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത എ.കെ. നാരായണനെ പൊന്നാടയണിയിച്ചു. അഴീക്കോടൻ രാഘവൻ എ.കെ. നാരായണനൊപ്പമിരുന്ന് ബീഡിതെറുത്ത സംഭവം പറഞ്ഞ് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. അപ്പുക്കുട്ടനും ടി.കെ.കെ. നായരുടെ ജീവിതവഴികളും അന്നത്തെ സൗഹൃദത്തെയും പറഞ്ഞ് അഡ്വ. എം.സി. ജോസും ഓർമകൾ പങ്കുവച്ചു.
ടി. മുഹമ്മദ് അസ്ലം, ടി.കെ. രാജൻ, പി.ജി. ദേവ്, എ. ദാമോദരൻ, എം. കുഞ്ഞമ്പാടി, ഷെരീഫ് കൊടവഞ്ചി, കാവുങ്കാൽ നാരായണൻ, ടി.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..