വാണി ജയറാം കവി പി.എസ്.ഹമീദിനൊപ്പം (ഫയൽചിത്രം)
കാസർകോട് : മധുരമൂറുന്ന മനോഹരഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച് വിടപറഞ്ഞ ഗായിക വാണി ജയറാമിന്റെ വേർപാടിൽ കാസർകോടും തേങ്ങുന്നു. മാപ്പിളപ്പാട്ടിലെ മഴവിൽവർണം വിരിയിച്ച ഗായികയെയാണ് ഇവരുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നാണ് കാസർകോട്ടെ സംഗീതാസ്വാദകർ വിലയിരുത്തുന്നത്.
മാപ്പിളപ്പാട്ടിന്റെ ലോകത്തും ശോകരാഗമാണ് ഇവരുടെ മരണത്തിലൂടെ അലയടിക്കുന്നത്. 2000-ൽ 'ഫാത്വിമ' എന്ന ഓഡിയോ കാസറ്റിലൂടെ എസ്.പി.ബാലസുബ്രഹ്മണ്യം മാപ്പിളപ്പാട്ടിൽ ചരിത്രമുഹൂർത്തം കുറിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഇശൽമാധുര്യം വർഷിക്കാൻ വാണി ജയറാമും ഉണ്ടായിരുന്നുവെന്ന് 'ഫാത്വിമ'യുടെ ഗാനരചനയും സംഗീതവും നിർവഹിച്ച കവി പി.എസ്.ഹമീദ് ഓർമിക്കുന്നു.
മാപ്പിളപ്പാട്ടിൽ എസ്.പി.ബി.യുടെയും വാണിയമ്മയുടെയും അരങ്ങേറ്റമായിരുന്നു ഇത്. ഇന്ത്യയിലും വിദേശത്തും ജനപ്രീതിയാർജിച്ച കാസറ്റിന് കഴിഞ്ഞ ദശകത്തിലെ മികച്ച സംഗീത ആൽബത്തിനുള്ള കൊച്ചി ഒരുമ മില്ലെനിയം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇതിൽ എസ്.പി.ബി.യും വാണി ജയറാമും മത്സരിച്ച് പാടിയ 'മഴവിൽവർണം' എന്ന യുഗ്മഗാനം മാപ്പിളപ്പാട്ടുകളിലെ മികച്ച ഗാനങ്ങളിലൊന്നാണ്. 'പെരുന്നാൾ വന്നു' എന്ന കവിതയും സംഗീതവും നിലാമഴ തീർത്ത പെരുന്നാൾപ്പാട്ടും 'നാദാപുരം പള്ളി'ക്കുശേഷം മലയാളികൾ ഏറ്റുപാടിയ 'മലർമങ്ക'യും കോഴിക്കോട് സതീഷ് ബാബുവുമൊത്ത് പാടിയ 'മാനത്തെ ഹൂറിയും' ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ഗാനങ്ങളാണ്.
2021-ൽ പുറത്തിറക്കിയ 'ഫാത്വിമ-രണ്ടി'ലും എസ്.പി.ബി.യും വാണിയമ്മയും കൈകോർത്തു. അതിലെ 'ഫാത്വിമത്തുസുഹ്റ'യും ‘മാനിമ്പപ്പെണ്ണും' കെ.ജി.മാർക്കോസുമൊത്ത് പാടിയ 'ബുറാഖിന്റെ പുറത്ത്' ഈ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചേറ്റിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..