ഇനിയെത്രനാൾ കാത്തിരിക്കണം.. ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് സർവേയർഓഫീസിനു മുന്നിൽ കാത്തിരിക്കുന്ന മാണിക്കോത്തെ എം.പി.മുഹമ്മദ്
കാഞ്ഞങ്ങാട്: എഴുപത് പിന്നിട്ട മുഹമ്മദ് ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് വരാന്തയിലെ കസേരയിൽ കാത്തിരിക്കുകയാണ്. അകത്ത് ഹെഡ് സർവേയറുടെ മുറിയിൽ ആൾത്തിരക്കാണ്. ഓരോരുത്തരായി കയറാനായി കാത്തിരിക്കുകയാണെല്ലാവരും. ഒടുവിൽ മുഹമ്മദിന്റെ ഊഴമെത്തി. പത്ത് മിനിട്ടു കഴിഞ്ഞ് പുറത്തിറങ്ങി. 'അന്ന് തന്ന നമ്പർ തെറ്റാണത്രേ. ഇതാണത്രേ ശരിയായ നമ്പർ.' പഴയ കറുത്ത മഷിയിലെ നമ്പറിന് പകരം ചുവപ്പ് മഷിയിൽ പുതിയ നമ്പർ നോക്കി നെടുവീർപ്പിടുകയാണ് മുഹമ്മദ്.
അജാനൂർ വില്ലേജിൽ മാണിക്കോത്തുള്ള തന്റെ പതിനെട്ടേകാൽ സെന്റിന്റെ റീസർവേ കുരുക്ക് അഴിക്കാൻ വെള്ളിക്കോത്തുള്ള വില്ലേജ് ഓഫീസിലും പുതിയകോട്ട താലൂക്ക് ഓഫീസിലും മുഹമ്മദ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാല് വർഷമാകുന്നു. 2019-ൽ വില്ലേജ് ഓഫീസിൽ നികുതി അടയ്ക്കാൻ ചെന്നപ്പോഴാണ് കൈവശഭൂമി റീസർവേ ചെയ്തിട്ടില്ലെന്ന് മനസ്സിലായത്. താലൂക്കിൽ അപേക്ഷ നൽകി സർവേയർ വന്ന് അളന്നശേഷം ട്രഷറിയിൽ അതിന്റെ പണവും ഒടുക്കി.
‘അടുത്ത മാർച്ച് മാസം വന്നാൽ കൊല്ലം നാലാകും. ഭാഗം വെക്കേണ്ട സ്ഥലമാണ് ഒന്നും ചെയ്യാൻ പറ്റുന്നില്ല’- താലൂക്ക് ഓഫീസ് വരാന്തയിലെ നട്ടംതിരിച്ചൽ മുഹമ്മദിൽ അവസാനിക്കുന്നില്ല.
കുരുക്കിലാണ് ‘ലൈഫ്’ പദ്ധതികളും
: വാഴുന്നോറൊടിയിൽനിന്ന് വന്ന കൂലിത്തൊഴിലാളിയായ നാൽപ്പതുകാരി രാവിലെ താലൂക്ക് ഓഫീസ് തുറക്കുമ്പോൾ എത്തിയതാണ്. എഫ്ടു സെക്‌ഷനുമുന്നിൽ രാവിലെ മുതൽ കാത്തിരിപ്പാണ്. ലൈഫ് പദ്ധതിയിൽ നഗരസഭ വീട് അനുവദിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം നൽകേണ്ട ഏഴു സെന്റിന്റെ നികുതി അടയ്ക്കാൻ പുതുക്കൈ വില്ലേജ് ഓഫീസിൽ പോയപ്പോഴാണ് റീസർവേ നടന്നതിനാൽ പുതിയ നമ്പർ കിട്ടിയാലേ നികുതി അടയ്ക്കാൻ പറ്റൂ എന്നറിഞ്ഞത്. രണ്ടുദിവസം മുൻപ് കൊടുത്ത അപേക്ഷയിൽ ഇന്നാണ് നമ്പർ തന്നത്. ഇന്നും കൂറേ നേരം കാത്തുനിന്നു. ഇങ്ങനെ ആളുകളെ ബുദ്ധിമുട്ടിക്കരുത്.
പരാതികൾ കുമിയുമ്പോൾ 10 സർവേയർമാർക്ക് സ്ഥലംമാറ്റം
: അടുത്തിടെ ബല്ല, പുതുക്കൈ വില്ലേജുകളിലെ റീസർവേ പരാതികൾ താലൂക്ക് ഓഫീസിലേക്ക് മാറ്റുന്നതിനിടെയിൽ ഓഫീസിലെ മൂന്ന് ഹെഡ് സർവേയർമാരടക്കം 13 സർവേയർമാരെ സ്ഥലംമാറ്റി. നാലുവർഷം മുൻപ് റീസർവേ നടന്ന 10 തീരദേശ വില്ലേജുകളിലെ 5000-ലധികം വരുന്ന റീസർവേ പരാതികളിലെ തീർപ്പ് അനിശ്ചിതമായി തുടരുന്നതിനിടയിലാണ് കൂട്ട സ്ഥലമാറ്റം നടത്തി ജനങ്ങളെ വട്ടംചുറ്റിക്കുന്നത്.
നിലവിൽ രണ്ട് ഹെഡ്‌സർവേയർമാരെയും ആറ് സർവേയർമാരുടെയും സേവനമാണ് ഹൊസ്ദുർഗിൽ കിട്ടുന്നത്. ഇതോടെ റീസർവേ അപേക്ഷകളിലെ തീരുമാനത്തിന് മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. അടുത്തിടെ പരാതികൾ ഏറിയതായി ഭൂരേഖ തഹസിൽദാർ വർഗീസ് മാത്യു പറഞ്ഞു.
ഹെഡ് സർവേയർമാർ നടപടിക്രമം പൂർത്തിയാക്കി കൈമാറുന്ന അപേക്ഷയിൽ തഹസിൽദാരാണ് ഉത്തരവ് പുറപ്പെടുവിക്കുക. ഉത്തരവ് വില്ലേജ് ഓഫീസിൽ എത്തുന്നതനുസരിച്ച് സബ്ഡിവിഷൻചെയ്ത് നടപടിക്രമം പൂർത്തിയാക്കും. മാസങ്ങളോ വർഷങ്ങളോ നീളുന്ന ഫയൽനീക്കത്തിന്റെ ചുരുക്കമാണ് മുകളിൽ പറഞ്ഞത്. അതിനിടയിൽ ഈ വില്ലേജിലെ സ്ഥലം കൈമാറ്റം, രജിസ്േട്രഷൻ ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള പല പ്രവർത്തനങ്ങളും മരവിച്ചുകിടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..