Caption
വെള്ളരിക്കുണ്ട് : മലയോരഹൈവേയിലെ കാറ്റാംകവല ഇറക്കത്തിൽ കഴിഞ്ഞവർഷങ്ങളിലുണ്ടായത് അൻപതിലധികം അപകടങ്ങൾ. ഏഴുപേർ മരിച്ചു. നിരവധിപേർക്കേ് പരിക്ക്. നട്ടെല്ലിനും കൈകാലുകൾക്കും പരിഹരിക്കാനാവാത്ത ക്ഷതമേറ്റവരുണ്ട്. ചൊവ്വാഴ്ച സ്കൂട്ടർയാത്രക്കാരൻ മരിച്ചതാണ് ഒടുവിലത്തേത്.
സ്വാഭാവിക അപകടങ്ങളെന്ന് അധികാരികൾ പറയുമ്പോൾ റോഡ് നിർമിതിയിലെ അപാകമാണ് കാരണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും പറയുന്നു. മന്ത്രിമാർക്കുൾപ്പെടെ എല്ലാവർക്കും പരാതി നൽകിയിരുന്നു. അധികൃതരുടെ സന്ദർശനത്തിൽ എല്ലാം ഒതുങ്ങി.
കുഴൽക്കിണർ കുത്താനുള്ള യന്ത്രങ്ങളുമായെത്തിയ ലോറി ഇറക്കത്തിൽ റോഡിൽനിന്നും താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചത് നാട്ടുകാർക്കിന്നും നടുക്കുന്ന ഓർമയാണ്. മുൻപ് മണ്ണുമാന്തിയന്ത്രം അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചിരുന്നു. മലയോരഹൈവേയായി വികസിപ്പിച്ചതോടെ അപകടങ്ങൾ പതിവായി. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടങ്ങളെല്ലാം ഇറക്കത്തിലും വളവിലുമാണ് സംഭവിക്കുന്നത്. വളവിൽ ആവശ്യത്തിന് വീതിയില്ലെന്നും വളവിന് പുറത്തേക്ക് റോഡ് താഴ്ന്നിട്ടുള്ളത് അപകടകാരണമാകുന്നുവെന്നും ഡ്രൈവർമാർ പറയുന്നു.
സാധാരണ വേഗത്തിൽ വരുമ്പോൾതന്നെ വാഹനം നിയന്ത്രണം തെറ്റുന്നുവെന്നും പറയുന്നു. ചെറുതും വലുതുമായി ആഴ്ചയിൽ ഒരു അപകടമെങ്കിലും ഉണ്ടാകുന്നുണ്ടെന്ന് അപകടവളവിന് അടുത്തു താമസിക്കുന്ന കാരിക്കുന്നേൽ സണ്ണി പറയുന്നു.
കഴിഞ്ഞ നവംബർ രണ്ടിനാണ് ഈരാറ്റുപേട്ടക്കാരനായ ജാതിക്ക കച്ചവടക്കാരൻ അജീബിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. തുടയെല്ല് പൊട്ടിയ അജീബ് ഇപ്പോഴും ചികിത്സയിലാണ്. അജീബിന്റെ തകർന്ന ഇരുചക്രവാഹനം ഇവിടെത്തന്നെയുണ്ട്.
കാറ്റാംകവല തട്ടിൽ ഇറക്കത്തിലാണ് നിയന്ത്രണം വിട്ട് പിന്നോട്ടുനീങ്ങിയ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ തൊഴിലാളി മരിച്ചത് നവംബർ ഒൻപതിനാണ്. മേയ് അഞ്ചിനാണ് മിനിലോറി റോഡ് വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറിഞ്ഞുള്ള അപകടങ്ങൾ എണ്ണിയാൽതീരാത്തത്രയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..