ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കാൻ ആളില്ലാതാകുന്ന കാലം -സി.വി. ബാലകൃഷ്ണൻ


1 min read
Read later
Print
Share

Caption

പടന്നക്കാട് : മതത്തിനും പാർട്ടികൾക്കും മുന്നണികൾക്കും വേണ്ടി പറയാൻ ഇവിടെ ആളുണ്ടെന്നും എന്നാൽ ഇന്ത്യയെന്ന ആശയം ഉൾക്കൊണ്ട് സംസാരിക്കാൻ ആളില്ലാതാകുകയാണെന്നും എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ 'ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതീക്ഷ നൽകേണ്ടുന്ന യുവാക്കൾ രാജ്യം വിടുകയാണ്. പ്രവാസം മുൻപും ഉണ്ടായിട്ടുണ്ട്. ഈ മണ്ണിലേക്ക് സമ്പത്ത് എത്തിച്ചവരായിരുന്നു ആ പ്രവാസികൾ. എന്നാൽ ഇന്നത്തെ യുവാക്കൾ ജീവിതം വിദേശത്തേക്ക് പറിച്ചുനടുകയാണ്. അവരോ അവരുടെ അടുത്ത തലമുറയോ ഈ മണ്ണിലേക്ക് തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ല.

നമ്മുടെ പല നേതാക്കളും പ്രായമാകുമ്പോൾ ആന്തരികമായി ജീർണിക്കുകയാണ്. അനുഭവസമ്പത്തല്ല, ആർജിച്ചസമ്പത്താണ് അത്തരക്കാരെ മുന്നോട്ട് നയിക്കുന്നത്. സമ്പത്ത് കൂട്ടാനാണ് അത്തരം കടൽക്കിഴവന്മാർ രാഷ്ട്രീയത്തിൽ കടിച്ചുതൂങ്ങിനിൽക്കുന്നത് -അദ്ദേഹം പറഞ്ഞു.

‘മാതൃഭൂമി’ യൂണിറ്റ് മാനേജർ ജഗദീഷ് ജി., ഫെഡറൽ ബാങ്ക് ഏരിയാ വൈസ് പ്രസിഡന്റ് ആൻഡ്‌ ബ്രാഞ്ച് ഹെഡ് അലക്‌സ് ടി. അബ്രഹാം, കാർഷിക കോളേജ് ഡീൻ ഡോ. ടി. സജിതാ റാണി, ചീഫ് ജഡ്ജ് എൻ.ആർ. അനിൽ കുമാർ, മാതൃഭൂമി ബ്യൂറോ ചീഫ് കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ജോസഫ് തോമസ് മോഡറേറ്റർ ആയിരുന്നു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള 'സ്പീക്ക് ഫോർ ഇന്ത്യ' അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

കാസർകോട്ടുനിന്ന് അടുത്ത ഘട്ടത്തിലേക്ക് അർഹത നേടിയവർ: ആനന്ദ് മനോജ് (സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ്), ടി. അഭിനന്ദ് (പയ്യന്നൂർ കോളേജ്, പയ്യന്നൂർ), എം. നന്ദന, വിദ്യാ നാരായണൻ, മിസ്‌ന ബേബി, എൻ. നന്ദകിഷോർ (നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട്), ഹൈനസ് അബ്രഹാം (പീപ്പിൾസ് കോളേജ്, മുന്നാട്), വി. ഐശ്വര്യ, അമർത്യ രാജ് (കാർഷിക കോളേജ്, പടന്നക്കാട്).

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..