കാസർകോട് : ‘പണിയെടുത്തതിനുള്ള കൂലിയല്ലേ ചോദിക്കുന്നത്.. സർക്കാരിന്റെ ആനുകൂല്യമൊന്നും അല്ലല്ലോ..’ കാസർകോട് താലൂക്കിലെ 103 റേഷൻ വ്യാപാരികളുടെ സങ്കടമാണിത്. ഡിസംബർ മുതലുള്ള കമ്മിഷനാണ് ഇവർക്ക് കിട്ടാനുള്ളത്.
29 ലക്ഷത്തോളം രൂപ വരും ഇവരുടെ കമ്മീഷൻ. ഡിസംബർ 31-ന് ബില്ല് ട്രഷറിയിൽ എത്തിച്ചെങ്കിലും തള്ളി. അതിന്റെ കാരണം ഇതുവരെയും അധികൃതർ വ്യക്തമാക്കിയിട്ടില്ല. പിന്നീട് ജനുവരി 31-ന് ജില്ലയിലെ മറ്റ് താലൂക്കുകളിലെ റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ ലഭിച്ചു. കാസർകോട് താലൂക്കിലെ വ്യാപാരികളുടെ കമ്മിഷനാണ് ഇപ്പോഴും തടഞ്ഞിരിക്കുന്നത്.
സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വേതനം മുടങ്ങാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. കൈകാര്യ ചെലവ് ഇനത്തിൽ ലഭിച്ചിരുന്ന തുകയും നിർത്തലാക്കിയതോടെ ആകെയുള്ള ആശ്രയം കമ്മിഷൻ മാത്രമാണ്. അതും കൂടി സാങ്കേതികത്വത്തിന്റെ പേരിൽ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
വ്യാപാരികളുടെ ഉപജീവനമില്ലാതാക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയ്ക്കെതിരേ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കാസർകോട് താലൂക്ക് യൂണിയൻ പ്രതിഷേധമറിയിച്ചു.
റേഷൻ വ്യാപാരികൾക്ക് ട്രഷറിയിൽനിന്ന് കമ്മീഷൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി സിവിൽ സപ്ലൈസ് കമ്മിഷന് കത്ത് നൽകിയതായി താലൂക്ക് സപ്ലൈസ് ഓഫീസർ കെ.വി. ദിനേശൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..