ബേക്കൽ-കോവളം ജലപാത: പ്രാരംഭ പ്രവർത്തനം സജീവം : പുതിയ പാത വിനോദസഞ്ചാരത്തിനും ചരക്കുനീക്കത്തിനും വലിയ സാധ്യത


നീലേശ്വരം-ചിത്താരി കൃത്രിമ കനാൽ നിർമിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ

നീലേശ്വരം : ഇരുപത്‌ വർഷത്തിലേറെയായി കോട്ടപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരവഞ്ചികൾ വലിയപറമ്പ് കായലിൽ സഞ്ചരിച്ച് തിരിച്ചുവരേണ്ട അവസ്ഥയിൽ അധികം താമസിയാതെ മാറ്റമുണ്ടാകും. കണ്ടുമടുത്ത കാഴ്ചകൾക്ക് പകരം പുത്തൻ കാഴ്ചകളും അനുഭവങ്ങളും പകരാൻ പുതിയ ജലപാത വരുന്നു. കോട്ടപ്പുറം-പടന്നക്കാട്-നമ്പ്യാർക്കൽ അണക്കെട്ട്- ബേക്കൽ ക്ലബ്-മോനാച്ച-അരയിവരെ നീലേശ്വരം പുഴയും അവിടെനിന്ന് പുതിയ കനാൽ നിർമിച്ച് ചിത്താരിപ്പുഴവരെ കോട്ടപ്പുറത്തെ പുരവഞ്ചികൾ എത്തുന്ന കാലം വിദൂരമല്ല.

ചിത്താരിപ്പുഴയിൽ എത്തിയാൽ ബേക്കലിൽ എത്തി എന്നാണ് കണക്ക്. ബേക്കൽ-കോവളം ജലപാത പദ്ധതി ഇതോടെ പൂർത്തിയാകും. കോവളം-ബേക്കൽ ജലപാതയുടെ പ്രാരംഭപ്രവർത്തനങ്ങൾ ഊർജിതമായതോടെയാണ് പുതിയ വിനോദസഞ്ചാരത്തിന് പാത തുറക്കുന്നത്. പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടക്കടവിൽ പഴയ തൂക്കുപാലത്തിന് പകരം ഇരുമ്പുപാലം നിർമിക്കുന്ന സ്ഥലം ഉൾനാടൻ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. ഇതിന് 1.40 കോടി രൂപയാണ് നിർമാണച്ചെലവ്.

കോട്ടക്കടവിൽ പാലം പണിയുന്നതിനൊപ്പം നമ്പ്യാർക്കൽ ഭാഗത്തും പുതിയ പാലമുണ്ടാക്കും. അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് വില്ലേജുകളിലൂടെയാണ് കനാൽ കടന്ന് പോകുക. പാതയ്ക്ക് സമാന്തരമായി റോഡ് പണിയുന്നത് വിനോദസഞ്ചാരംകൂടി ലക്ഷ്യമിട്ടാണ്. കാരാട്ടുവയൽ, നെല്ലിക്കാട്ട്, അതിയാമ്പൂർ, വെള്ളായിപ്പാലം തുടങ്ങിയ റോഡുകളെയെല്ലാം ജലപാത മുറിച്ചുകടക്കുന്നുണ്ട്. നീലേശ്വരം, ചിത്താരി പുഴകൾക്കിടയിൽ 6.5 കിലോമീറ്റർ ദൂരത്തിലും കൃത്രിമ കനാലുകൾ നിർമിക്കുന്നതിനുള്ള ഭരണാനുമതിയായി. കനാൽ പാതയിൽ മൂന്ന് മീറ്ററിൽ കുറവ് ഉയരമുള്ള പാലമാണ് ആദ്യം പൊളിക്കുന്നത്. അള്ളംകോട് ചിത്താരിപ്പുഴയിൽ അടുത്ത ഘട്ടത്തിൽ നിർമിക്കുന്ന പാലത്തിന്റെ രൂപരേഖയായി. കനാലിന്റെ ഇരുഭാഗത്തും റോഡുകളും ആവശ്യമായ ഇടങ്ങളിൽ മേൽപ്പാലങ്ങളും ഉണ്ടാകും. ഇതിനുള്ള ഭൂമിയേറ്റെടുക്കലും ആരംഭിച്ചു.

കനാലിന് ഭൂമിയേറ്റെടുക്കാൻ അനുവദിച്ചത് 178 കോടി

: നീലേശ്വരം-ചിത്താരി പുഴകളിലെ കൃത്രിമ കനാലിന് ഭൂമിയേറ്റെടുക്കാൻ 178 കോടി രൂപയാണ് അനുവദിച്ചത്. ഭൂമിയേറ്റെടുക്കുന്നത് ഉടമയിൽനിന്നായതിനാൽ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരമാണ് നൽകുന്നത്. കേരളത്തിലെ ജലഗതാഗതത്തിനും ചരക്കുനീക്കത്തിനും വിനോദസഞ്ചാരമേഖലയ്ക്കുമൊക്കെ വലിയ സാധ്യതകൾ തുറന്നിടുന്ന 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബേക്കൽ ജലപാത പദ്ധതിക്കായി 2451.24 കോടി രൂപ ഇതിനകം തന്നെ കിഫ്ബി അനുവദിച്ചിട്ടുണ്ട്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ തെക്കുവടക്ക് നീണ്ടുകിടക്കുന്ന ടൂറിസം ഇടനാഴിയായും ഇതു മാറും. 35 കിലോമീറ്ററെങ്കിലും ഇടവിട്ട് ഒരു ടൂറിസം ഗ്രാമം വികസിപ്പിക്കും. ഒട്ടേറെപ്പേർക്ക് തൊഴിലുണ്ടാകും. ജലപാതയ്ക്കായി വീടൊഴിഞ്ഞുപോകുന്നവർക്ക് ആകർഷക പുനരധിവാസ പാക്കേജുമുണ്ട്.

ആദ്യ കടമ്പ നീലേശ്വരം പാലം

: ആദ്യ കടമ്പ നീലേശ്വരം ദേശീയപാതയിലെ പാലമാണ്. ഉയരം കുറഞ്ഞ പഴയ പാലം പൊളിച്ചില്ലെങ്കിൽ പദ്ധതി അവിടെ നിൽക്കും. വികസനത്തിന് കല്ലുകടിയായി പഴയ പാലം പൊളിച്ചുനീക്കി പുതിയത് പണിയാതെ പഴയത് നിലനിർത്തുന്നതായാണ് ദേശീയപാതാ റിപ്പോർട്ടിലുള്ളത്. ഈ പാലം പൊളിച്ച് അവിടെ പുതിയത് പണിതാൽ മാത്രമേ ഇതുവഴിയുള്ള ജലപാത നിർമാണം സാധ്യമാകൂ.

പദ്ധതിയുടെ ഭാഗമായി നീലേശ്വരംമുതൽ ബേക്കൽവരെയുള്ള ആറര കിലോമീറ്റർ ഭാഗത്ത് പുതിയ കനാൽ നിർമിക്കണം. പാലങ്ങളും റെഗുലേറ്ററുകളും ആറ് മീറ്ററെങ്കിലും ഉയർത്തേണ്ടിവരും. അരയി, മഡിയൻ, ചിത്താരി ഭാഗങ്ങളിൽ പുതിയ റെഗുലേറ്റർ നിർമിക്കും. ഉയരംകുറഞ്ഞ നടപ്പാലങ്ങൾ പൊളിച്ചുമാറ്റി ആറ് മീറ്റർ വീതിയിൽ പുതിയ നടപ്പാലങ്ങൾ പണിയുമെന്നാണ് ജലപാത പദ്ധതി റിപ്പോട്ടിലുള്ളത്. പദ്ധതി 2025 പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ പക്ഷം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..