Caption
പൊയിനാച്ചി : മികച്ചനിലയിൽ പ്രവർത്തിച്ചിരുന്ന ഉദുമ ടെക്‌സ്റ്റൈൽ മില്ലിനെ പ്രതിസന്ധിയിലേക്ക് നയിച്ചതിന് പ്രധാന കാരണം അസംസ്കൃതവസ്തുവായ പരുത്തിവിലയിലെ കുതിപ്പ്. പരുത്തിക്ക് ചെലവാക്കേണ്ട തുക കൂടിയപ്പോൾ ശമ്പളവും ഉയർന്ന വൈദ്യുതിബില്ലുമടക്കം ഒത്തുപോകാൻ പ്രയാസമായി.
ഒരുകണ്ടി (355.6 കിലോ) പരുത്തിക്ക് 70,000 രൂപയാണ് വില. കഴിഞ്ഞവർഷം 1.15 ലക്ഷം രൂപവരെ ഉയർന്നിരുന്നു. 40,000-45,000 രൂപയിൽനിന്നാണ് ഇത്രയും വർധിച്ചത്. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് പരുത്തി എത്തുന്നത്. മില്ലിൽ നൂൽ കെട്ടിക്കിടക്കുന്നതുകാരണം പരുത്തി നൽകിയ ഏജൻസികൾക്ക് നൽകാനുള്ള ഒരുകോടിയിലേറെ രൂപ യഥാസമയം നൽകാനായിട്ടില്ല. ഒരുദിവസം ഉത്പാദനത്തിന് 2,100 കിലോഗ്രാം പരുത്തി വേണം. രണ്ടുദിവസത്തെ സ്റ്റോക്കേ നിലവിലുള്ളൂ. ഇതിനകം പരുത്തി എത്തിക്കാനായില്ലെങ്കിൽ ഉത്പാദനം പൂർണമായി മുടങ്ങും. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻപ് കുറഞ്ഞ വിലയ്ക്ക് നിലവാരമുള്ള പരുത്തി വിതരണം ചെയ്തിരുന്നു. ഇത് പൂട്ടിപ്പോയി. അടുത്തൊന്നും പരുത്തിയുടെ വില കുറഞ്ഞില്ലെങ്കിൽ ഈ മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകും.
കോട്ടൻ ബോർഡ് ആശ്വാസമാകുമോ
മില്ലുകൾ സ്വന്തമായി പരുത്തി വാങ്ങുന്ന സംവിധാനമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇത് ഫലപ്രദമല്ലെന്നാണ് സർക്കാർ നിലപാട്.
പകരമായി സംസ്ഥാനത്തെ പൊതു-സഹകരണ മേഖലകളിലെ സ്പിന്നിങ് മില്ലുകൾക്ക് ആവശ്യമായ പരുത്തി അതിന്റെ വിളവെടുപ്പ് സീസണിൽ തന്നെ അധിക അളവിൽ വാങ്ങുന്നതിനും റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തുന്നതിനും സർക്കാർ കോട്ടൻ ബോർഡ് രൂപവത്കരിച്ചു. ഇതിന്റെ ആശ്വാസം ആപത്തുകാലത്തും മില്ലുകൾക്ക് കിട്ടിത്തുടങ്ങിയിട്ടില്ല. ടെക്സ്റ്റൈൽ മില്ലുകൾ ചക്രശ്വാസം വലിക്കുമ്പോഴും നടപടിക്രമങ്ങളിൽ ആശ്വാസം കൊള്ളുകയാണ് കോട്ടൺ ബോർഡ്.
താത്കാലിക അടച്ചിടൽ ഭാവിക്ക് മൂക്കുകയറിടും
ലേ ഓഫ് വന്നാൽ ഉദുമ ടെക്സ്റ്റൈൽമില്ലിൽ തുണി ഉത്പന്ന നിർമാണ യൂണിറ്റ് ഉൾപ്പെടെ 10 വർഷംകൊണ്ട് പൂർത്തിയാക്കുന്ന സമഗ്ര വിപുലീകരണത്തിന് തിരിച്ചടിയാകും. ഇതിനായി 9.16 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതിന് പിന്നാലെയാണ് നിലവിലെ പ്രതിസന്ധി. 2023 വരെ 2.36 കോടിയും 2023-2026 കാലയളവിൽ 2.46 കോടിയും 2026-2030 വരെ 4.38 കോടി രൂപയും ചെലവഴിച്ച് ഘട്ടങ്ങളായി വികസന പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.
മില്ലിന്റെ ഉടമസ്ഥതയിൽ ബാര ഗ്രാമത്തിലുള്ള 23.24 ഏക്കറിൽ പത്തേക്കറിലാണ് ഇപ്പോൾ ടെക്സ്റ്റൈൽ മിൽ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സ്ഥലത്താണ് പുതിയ പദ്ധതികൾ ഉദ്ദേശിക്കുന്നത്. സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് യൂണിറ്റ്, വീവിങ്, ഡൈയിങ് ആൻഡ് പ്രൊസസിങ്, ഗാർമെന്റ്സ് യൂണിറ്റുകൾ, ഫാക്ടറി ഔട്ട്‌ലെറ്റുകൾ, ഗോഡൗൺ, തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ എന്നിവയാണ് ഈ സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..