• തൃക്കരിപ്പൂർ പഞ്ചായത്ത് ഗുണഭോക്താക്കൾക്ക് കിണറുകൾ നിർമിച്ചുനൽകുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിക്കുന്നു
മടിക്കൈ : കൊടിയ വേനലിൽ ചുട്ടുപൊള്ളുമ്പോഴും മടിക്കൈക്കാർക്ക് ഇനി വെള്ളത്തിന് ക്ഷാമമുണ്ടാകില്ല. ഗ്രാമം മുഴുവൻ ജലസമൃദ്ധമാക്കാനുള്ള പദ്ധതികൾ നടപ്പാക്കിത്തുടങ്ങി മടിക്കൈ പഞ്ചായത്ത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നാല് കുളങ്ങളും വരും സാമ്പത്തിക വർഷത്തിൽ 19 കുളങ്ങളും നിർമിക്കും. ചുള്ളിമൂലയിൽ പൂർത്തിയായ കുളത്തിന്റെ ഉദ്ഘാടനം എസ്.പ്രീത നിർവഹിച്ചു.
പഞ്ചായത്തിന്റെ പദ്ധതി കൂടാതെ, കാവുകുളം, മുണ്ടത്ത്കുളം എന്നിങ്ങനെ ജില്ലാ പഞ്ചായത്തിന്റെ രണ്ട് കുളങ്ങൾ കൂടി പൂർത്തിയായിവരുന്നു. തടയണകൾ നിർമിച്ചും കിണർ റീചാർജിങ് പദ്ധതി നടപ്പാക്കിയും തോടുകളും ചാലുകളും സംരക്ഷിച്ചും എല്ലാ പ്രദേശത്തെയും ജലസമൃദ്ധമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കിണർ നവീകരണം നടപ്പാക്കി.
വാർഡ് അംഗം ടി.രാജൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പ്രകാശൻ, മടത്തിനാട്ട് രാജൻ, കെ.സാവിത്രി, അസി. എൻജിനിയർ കെ.അവിനേഷ്, പ്രസന്നൻ ചുള്ളിമൂല, എം.പുഷ്പ എന്നിവർ സംസാരിച്ചു.
കൂടാനത്ത് കുളം ഒരുങ്ങി
പെരിയ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കുളം നാടിനു സമർപ്പിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്തിലെ 17-ാം വാർഡിൽ കൂടാനത്ത് ശശികല ഗോവിന്ദന്റെ കൃഷിസ്ഥലത്താണ് കുളം നിർമിച്ചത്.
87007 രൂപ അടങ്കലിൽ 111 തൊഴിൽദിനങ്ങൾ കൊണ്ടണ് കുളം ഒരുക്കിയത്. കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുന്ന കുളം കടുത്ത വേനലിൽ ആശ്വാസമായിമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ കുളം നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് എ.കാർത്ത്യായനി അധ്യക്ഷയായി. എം.വി.നാരായണൻ, ടി.രാമകൃഷ്ണൻ നായർ, ടി.വി.അശോകൻ, സി.വി.കാർത്ത്യായനി എന്നിവർ സംസാരിച്ചു.
തൃക്കരിപ്പൂരിൽ 25 കിണറുകൾ നിർമിച്ചു
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്ത് 25 കിണറുകൾ ഗുണഭോക്താക്കൾക്ക് നിർമിച്ചുനൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിച്ചത്.
വൈക്കത്ത് നടന്ന ചടങ്ങിൽ 25 കിണറുകൾ നൽകുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു. ജില്ലാ ഓംബുഡ്സ്മാൻ വി.എം.നസീർ, നീലേശ്വരം ബ്ലോക്ക് ജോ. ബി.ഡി.ഒ. എ.വി.സന്തോഷ്‌കുമാർ, അസി. സെക്രട്ടറി കെ.കോമളവല്ലി, വി.ഇ.ഒ. രജിഷ, വാർഡംഗങ്ങളായ സീത ഗണേഷ്, എ.കെ.ഹാഷിം, സദാ അബ്ദുൾ റഹ്‌മാൻ, സി.നിഖില, പി.ശ്യാമിലി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..