കോളിച്ചാൽ ഐ.സി.ഡി.എസ്. ഓഫീസിൽനിന്ന് അങ്കണവാടിയിലേക്കുള്ള സാധനങ്ങൾ കൊണ്ടുപേകാൻ തയ്യാറാക്കുന്ന ജീവനക്കാർ
രാജപുരം : അങ്കണവാടികളിലേക്കുള്ള സാധനങ്ങളുടെ വിതരണം ജീവനക്കാർക്ക് ദുരിതമായി. കള്ളാർ, പനത്തടി, കോടോം ബേളൂർ, ബളാൽ പഞ്ചായത്തുകളിലായി 118 അങ്കണവാടികളാണുള്ളത്. അവിടേക്ക് കുട്ടികൾക്കുള്ള പായ അടക്കം 22 സാധനങ്ങൾ ഏറ്റുവാങ്ങണമെങ്കിൽ ജീവനക്കാർ കോളിച്ചാലിലെ ഐ.സി.ഡി.എസ്. ഓഫീസിലെത്തണം. തുടർന്ന് എണ്ണി തിട്ടപ്പെടുത്തി സാധനങ്ങൾ ഓരോ അങ്കണവാടിയിലും എത്തിക്കണമെങ്കിൽ വലിയ ചെലവാണ് ജിവനക്കാർക്ക് ഉണ്ടാകുന്നത്.
കിഴക്കൻ മലയോരമായതിനാലും പായ, ചവിട്ടി, ചൂല്, മുറം, പുസ്തകങ്ങൾ തുടങ്ങി നിരവധി സാധനങ്ങളുള്ളതിനാലും ബസിൽ കൊണ്ടുപോകാനും വലിയ ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു. അങ്ങനെ കൊണ്ടുപോയാൽതന്നെ ബസുകൾ കടന്നുപോകുന്ന റോഡിൽനിന്ന് ഏറെ ദൂരത്തിലാണ് മിക്ക അങ്കണവാടികളും പ്രവർത്തിക്കുന്നത്. അവിടേക്ക് വീണ്ടും വാടകവാഹനങ്ങളെ ആശ്രയിക്കണം.
കോളിച്ചാലിൽനിന്ന് ഏറെ ദൂരമുള്ള ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളിലെ അങ്കണവാടി ജീവനക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. സാധനങ്ങൾ കൈപ്പറ്റിയ ശേഷം കിലോമീറ്ററുകൾ ദൂരത്തേക്ക് ഇവയെത്തിക്കണമെങ്കിൽ വലിയ ചെലവാണുണ്ടാകുന്നത്. ആ തുകയാകട്ടെ, ജീവനക്കാർതന്നെയാണ് കാലങ്ങളായി വഹിക്കുന്നത്. സാധനങ്ങൾ വിതരണം ചെയ്യാൻ കരാറെടുക്കുന്നവർ അതത് അങ്കണവാടികളിൽ എത്തിക്കാനുള്ള സംവിധാനമൊരുക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും. അല്ലാത്തപക്ഷം ഓരോ പഞ്ചായത്തുകളിലെയും രണ്ടോ മൂന്നോ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യാനെങ്കിലും തയ്യാറായാൽ ജീവനക്കാരുടെ പ്രയാസം ഒരുപരിധിവരെ പരിഹരിക്കാനാകും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..