ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്നഅങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ കോമ്പൗണ്ട് പോലീസ് വേലികെട്ടി തിരിച്ചനിലയിൽ
ഇരിട്ടി : സംഘർഷസാധ്യത കണക്കിലെടുത്ത് ശനിയാഴ്ച നടക്കുന്ന ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ. പോളിങ് സ്റ്റേഷനായ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എൽ.പി. സ്കൂൾ വെള്ളിയാഴ്ച വൈകിട്ട് മുതൽ പോലീസിന്റെ നിയന്ത്രണത്തിലായി.
തിരഞ്ഞെടുപ്പ് നീതിപൂർവമാണോയെന്നറിയാൻ ഹൈക്കോടതി അഡ്വക്കേറ്റ് കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കമ്മിഷൻ നേരിട്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിന്റെ നേതൃത്വത്തിൽ 200-ലധികം പോലീസുകാർ സുരക്ഷയ്ക്കായി അണിനിരക്കും. വെള്ളിയാഴ്ച വൈകിട്ടുമുതൽ പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്കൂൾ കോമ്പൗണ്ട് പൂർണമായും വേലികെട്ടി തിരിച്ചു. യു.ഡി.എഫ്. ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പോളിങ് സ്റ്റേഷനു പുറത്തും ഉള്ളിലും ക്യാമറ സ്ഥാപിക്കാനും ഉത്തരവുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ 6.30 മുതൽ മാത്രമേ വോട്ടർമാരെ സ്കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ. നാല് സി.ഐ.മാരുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്‌സ്, 25 എസ്.ഐ.മാരുടെ നേതൃത്വത്തിൽ മൊബൈൽ പട്രോളിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. അങ്ങാടിക്കടവ്, വാണിയപ്പാറ, ആനപ്പന്തിക്കവല, ചരൾ, കരിക്കോട്ടക്കരി, മുണ്ടയാംപറമ്പ്, ഡോൺ ബോസ്കോ എന്നിവിടങ്ങളിൽ പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളിലും വാഹനപരിശോധനയുണ്ടാകുമെന്ന് ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ പറഞ്ഞു.
ബാങ്ക് രൂപവത്കരിച്ചതുമുതൽ ചെറിയ കാലയളവ് ഒഴിച്ച് യു.ഡി.എഫാണ് ഭരണം കൈയാളുന്നത്. എൽ.ഡി.എഫ്. പിന്തുണയുള്ള ജനകീയ സംരക്ഷണസമിതിയുമായാണ് മത്സരം. തിരിച്ചറിയൽ കാർഡ് വിതരണസമയത്തുതന്നെ സംഘർഷം ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവും ശക്തമാണ്. ഇരുമുന്നണികളുടെയും ജില്ലാ, സംസ്ഥാനനേതാക്കൾതന്നെ പ്രചാരണത്തിനും അണികളിൽ ആവേശം പകരാനും എത്തിയിരുന്നു. 1999-ൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻ അക്രമവും ബോംബേറും നടന്ന പ്രദേശമായതിനാൽ പോലീസും ജാഗ്രതയിലാണ്. രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. തുടർന്ന് വോട്ടെണ്ണൽ നടക്കും.
യു.ഡി.എഫ്. പാനലിൽ കെ.സി.ചാക്കോ, മോനിച്ചൻ ചെമ്പകശ്ശേരിൽ, ഷീൻ ജോസഫ്, ഇ.പി.ഷാജു, സണ്ണി തോമസ്, ഷാജു ജോർജ്, ഫൗസിയ മുസ്തഫ, ബിൻസി വട്ടുകുളത്ത്, ശർമിള കുര്യൻ, കുഞ്ഞുമോൻ കൂട്ടുകാഞ്ഞിരത്തിങ്കൽ, അഡ്വ. മനോജ് എം.കണ്ടത്തിൽ എന്നിവരാണ് മത്സരിക്കുന്നത്.
ഒ.എ.എബ്രഹാം, സിബി വാഴക്കാല, ജോർജ് ഓരത്തേൽ, സി.എം.ജോർജ്, കെ.പി.ബാബു, ബിജോയ് പ്ലാത്തോട്ടത്തിൽ, ചിന്നമ്മ പുരയിടത്തിൽ, സക്കീന മൊയ്തീൻ, വി.ടി.സാറാമ്മ, എൻ.ഐ.സുകുമാരൻ, സന്ദേശ് സാവിയോ എന്നിവരാണ് ജനകീയ സംരക്ഷണ സമിതിക്കുവേണ്ടി എൽ.ഡി.എഫ്. പാനലിൽ മത്സരരംഗത്തുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..