• ദേശീയപാതയിൽ മൂലക്കണ്ടത്ത് ടാറിങ് പൊളിച്ചുനീക്കിയ പാതയിലൂടെ വാഹനങ്ങളുടെ യാത്ര
പെരിയ : അപകടമുന്നറിയിപ്പുകളില്ല. ദേശീയപാതയിലെ മൂലക്കണ്ടത്തും ചാലിങ്കാലിലും അപകടം പതിയിരിക്കുന്നു. ഇരുഭാഗത്തും സർവീസ് റോഡൊരുക്കുന്നതിന് നിലവിലുള്ള പാത വെട്ടിപ്പൊളിച്ചിട്ടുമുണ്ട്.
ടാറിങ് പാതിഭാഗം നീക്കിയ റോഡിൽ അല്പമാത്രമായി ടാറിങ് നിലനിൽക്കുന്ന ഭാഗവുമുണ്ട്. വാഹനങ്ങൾ വേഗം കുറയ്ക്കാതെ എത്തിയാൽ ഇവിടെ അപകടം ഉറപ്പാണ്. ചില സ്ഥലങ്ങളിൽ വലിയ ജില്ലിക്കല്ലുകൾ നിരന്നുകിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്.
മൂലക്കണ്ടത്ത് നേരത്തേയുണ്ടായ വളവുകൾ ഒഴിവാക്കിയുള്ള നിർമാണമാണ് നടക്കുന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. ഇവിടെ റോഡിന്റെ പടിഞ്ഞാറുഭാഗം സർവീസ് റോഡ് നിർമാണത്തിനായി മണ്ണെടുത്ത് താഴ്ത്തിയിട്ടുണ്ട്. മുകളിലെ വീതി കുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അവിടെ എവിടെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
റോഡുപണി നടക്കുന്ന ഇടങ്ങളിൽ 40 കിലോമീറ്റർ വേഗത്തിൽ മാത്രമേ വാഹനങ്ങൾ പോകാവൂ എന്ന നിബന്ധനയും നിലവിലുണ്ട്. എന്നാൽ അതൊന്നും ഗൗനിക്കാതെ വാഹനങ്ങൾ കടന്നുപോകുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
ചാലിങ്കാലിലും സ്ഥിതിയും മറ്റൊന്നല്ല. ഇവിടെയും സൂചനാ ബോർഡുകൾ വെച്ചിട്ടില്ല. രണ്ടിടങ്ങളിലും ഇരുചക്രവാഹനങ്ങളിലെ യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. അതേസമയം റോഡ് മുക്കാൽഭാഗവും പൊളിച്ചിട്ടിരിക്കുന്ന ചാലിങ്കാലെ പാതയിലും വാഹനങ്ങൾ വേഗം കുറയ്ക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..