Caption
കാഞ്ഞങ്ങാട്
: ഡോക്ടറെ കാണിച്ച് കുറിപ്പടിയും മരുന്നും വാങ്ങാനായി പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ജില്ലാ ആസ്പത്രി വരെയുള്ള ഇടങ്ങളിലെത്തുന്നവർക്ക് എത്ര മണിക്കൂറാണ് നിൽക്കേണ്ടിവരുന്നത്. കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര. ഒന്നു കിടന്നാൽ മതിയെന്നു തോന്നുന്ന അവസ്ഥയിലും ഡോക്ടറുടെ മുറിക്കുപുറത്തുള്ള കാത്തുകെട്ടിയിരിപ്പ്. ജനങ്ങളുടെ ഈ ദുരവസ്ഥയൊഴിവാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയനുവദിച്ച് ഫണ്ട് നൽകി. ആ പണം മുഴുവൻ ബാങ്ക് അക്കൗണ്ടിൽ വെറുതെ കിടക്കുന്നു. പദ്ധതി ഫയലിലും.
നഗര കേന്ദ്രീകൃത ആരോഗ്യപരിപാലനം എന്ന ലക്ഷ്യത്തോടെ 15,000 ജനസംഖ്യ എന്ന കണക്കിൽ ഒരു ജനകീയാരോഗ്യകേന്ദ്രം എന്നതാണ് പദ്ധതി. ജില്ലയിൽ നഗരസഭ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലായി 15 ജനകീയാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് അനുമതി കിട്ടിയത്. അതിനായി 10 കോടിയോളം രൂപ അനുവദിച്ചു. തുക കൈമാറിയിട്ട് എട്ടുമാസം പിന്നിട്ടു. പ്രാരംഭഘട്ടമായി അതതിടത്ത് കെട്ടിടം കണ്ടെത്തുകയും മറ്റും ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല.
നഗരസഭയ്ക്ക്
മൂന്നുവീതം;
ബ്ലോക്കിൽ ഒരെണ്ണം
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ മൂന്നുവീതം ജനകീയാരോഗ്യ കേന്ദ്രങ്ങളാണ് അനുവദിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളോ മറ്റു സർക്കാർ ആസ്പത്രികളോ ഇല്ലാത്ത ഇടങ്ങളിലാണ് ജനകീയാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കാസർകോട് നഗരസഭയിൽ കസബ കടപ്പുറം, അണങ്കൂർ, തളങ്കര, കാഞ്ഞങ്ങാട്ട് വാഴുന്നോറൊടി, പടന്നക്കാട്, ആവിക്കര, നീലേശ്വരത്ത് ചെറപ്പുറം, ആനച്ചാൽ, പടിഞ്ഞാറ്റൻ കൊഴുവൽ എന്നീവിടങ്ങളിലാണ് അനുവദിച്ചത്.
നഗരഭരണാധികാരികൾ കെട്ടിടം കണ്ടെത്തി അനുബന്ധ സൗകര്യങ്ങളൊരുക്കാനാണ് കേന്ദ്ര നിർദേശം. അതിനായി കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ആയി രണ്ടരക്കോടി രൂപ വീതം അതതു നഗരസഭയ്ക്കു കൈമാറി.
ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ക്ലിനിക്കൽ സ്റ്റാഫ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ ഓരോ വിഭാഗത്തിലും ഒരാൾ വീതം എന്ന രീതിയിലാണ് നിയമനം നടത്തേണ്ടത്. ചെറുവത്തൂർ, വെള്ളരിക്കുണ്ട്, പെരിയ, ബദിയഡുക്ക, മഞ്ചേശ്വരം, മുളിയാർ എന്നിവിടങ്ങളിലാണ് ബ്ലോക്ക് തല ജനകീയാരോഗ്യ കേന്ദ്രത്തിനു അനുമതി നൽകിയത്. ബ്ലോക്ക് കേന്ദ്രങ്ങളിൽ പൊതുജനാരോഗ്യകേന്ദ്രം എന്ന പേരിലാണ് പദ്ധതി. അതത് പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ അനുബന്ധമായി ഇതു തുടങ്ങാനാണ് ബ്ലോക്കുകൾക്കുള്ള നിർദേശം.
ഇതിനായി 39.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതിൽ 14 ലക്ഷം രൂപ മരുന്ന് വിതരണ കമ്പനിക്ക് നേരത്തേ കൈമാറുകയും ചെയ്തു.
മിനി ചികിത്സാ കേന്ദ്രമാകും; മറ്റിടങ്ങളിലെ തിരക്ക് കുറയും
ജനകീയാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിതമായാൽ അതു സർക്കാർ തലത്തിലുള്ള മിനി ചികിത്സാ കേന്ദ്രമാകും. കഴിഞ്ഞ മൂന്നുമാസം ജില്ലയിൽ പനി വ്യാപകമാകുകയാണ്. പനി പരിശോധനയ്ക്കാണ് ജില്ലാ-ജനറൽ ആസ്പത്രിയിലും താലൂക്ക് ആസ്പത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം കൂടുതൽ ആളുകളെത്തുന്നത്. കേന്ദ്രപദ്ധതിയിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിതമായാൽ ആസ്പത്രികളിലെ തിരക്ക് ഗണ്യമായി കുറയും. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ മരുന്നും സൗജന്യമായി കിട്ടുമെന്നതിനാൽ രോഗികൾക്കു വലിയ രീതിയിൽ അത് പ്രയോജനപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..