വ്യാഴാഴ്ച രാത്രി വാഹനാപകടത്തിൽ മരിച്ച ദീപക്കിന്റെയും ശോഭിത്തിന്റെയും മൃതദേഹങ്ങൾ ചെറുവത്തൂർ ബസ്‌സ്റ്റാൻഡിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ചെറുവത്തൂർ : യുവാക്കളുടെ വേർപാടിന്റെ വേദന താങ്ങാനാകാതെ കണ്ണീരണിഞ്ഞ് കിനാനൂരും കണ്ണാടിപ്പാറയും. വ്യാഴാഴ്ച രാത്രി നിനച്ചിരിക്കാതെയാണ് നീലേശ്വരം കിനാനൂരിലെ ദീപകിന്റെയും ചെറുവത്തൂർ കണ്ണാടിപ്പാറയിലെ ശോഭിത്തിന്റെയും ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞത്.
സ്വകാര്യ ബസ് കണ്ടക്ടറായ ദീപക്കും നേരത്തേ ബസ് കണ്ടക്ടറും കോവിഡിനുശേഷം മൈ ജി യുടെ പയ്യന്നൂർ ഷോറൂമിൽ ജോലിക്കാരനുമായ ശോഭിത്തും നീലേശ്വരത്തുനിന്ന് ചെറുവത്തൂരിലേക്ക് ബൈക്കിൽ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ചെറുവത്തൂർ കൊവ്വലിൽ ഇവർ യാത്രചെയ്ത ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ദീപക് അപകടസ്ഥലത്തും ശോഭിത്ത് ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലും മരിച്ചു.
തൊട്ടടുത്ത കൊവ്വൽ എ.യു.പി. സ്കൂളിൽ വാർഷികാഘോഷം നിർത്തിവെച്ച് നൂറുകണക്കിനാളുകൾ അപകടസ്ഥലത്തെത്തി. യുവാക്കളുടെ മരണവിവരമറിഞ്ഞ് രാത്രിയിൽ നിരവധിയാളുകൾ ആസ്പത്രിയിലുമെത്തി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് ചെറുവത്തൂർ ബസ്‌സ്റ്റാൻഡിൽ പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.
തുടർന്ന് ദീപക്കിന്റെ മൃതദേഹം കിനാനൂരിലെ വീട്ടിലെത്തിച്ചു. കിനാനൂർ കരിന്തളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശൻ ബേളൂർ, സി.പി.എം. എരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടി നേതാക്കളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിനുശേഷം ചൂരിപ്പാറ വാതകശ്മശാനത്തിൽ സംസ്കരിച്ചു.
ശോഭിത്തിന്റെ മൃതദേഹം കണ്ണാടിപ്പാറയിലെ വീട്ടിലെത്തിച്ചു. സി.കെ. കോരൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കളും പ്രവർത്തകരും നാട്ടുകാരും അന്തിമോപചാരമർപ്പിക്കാനെത്തി. ശേഷം ശാന്തിഗിരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..