Caption
കാഞ്ഞങ്ങാട് : സമയം രാവിലെ എട്ടുമണി. ഗൈനോക്കോളജിസ്റ്റും കുട്ടികളുടെ ഡോക്ടറും ഫാർമസിയും ലാബും റെഡി. ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം എത്തി. പരിശോധനയ്ക്കായി ഗർഭിണികളും കുട്ടികളും വന്നുതുടങ്ങിയതോടെ ആസ്പത്രി സജീവമായി. നീണ്ട കാത്തിരിപ്പിനൊടുവിൽ കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി തുറന്നു, ഉദ്ഘാടനമോ ആഘോഷമോ ഇല്ലാതെ.
എട്ടുമാസം ഗർഭിണിയായ പനത്തടിയിലെ പി.കെ. സിന്ധുമോൾ ആണ് ഗൈനോക്കോളജിവിഭാഗം ഒ.പി.യിൽ ആദ്യമെത്തിയത്. ഡോ. ആർ.ജെ. സായിപ്രിയ ഇവരെ പരിശോധിച്ചു. അരയിയിലെ കെ.വി. അജീഷിന്റെയും കെ.പി. ധന്യയുടെയും മകൻ മൂന്നുവയസ്സുകാരൻ ജൂഹിറ്റ് കുട്ടികളുടെ വിഭാഗം ഒ.പി. പട്ടികയിലെ ആദ്യ പേരുകാരനായി. ജൂഹിറ്റിനെ ഡോ. സി.സി. ഫാത്തിമ പരിശോധിച്ചു. എട്ട് കുട്ടികളും രണ്ട് ഗർഭിണികളും നാല് സ്ത്രീകളുമാണ് ആദ്യദിനത്തിൽ ചികിത്സതേടിയത്. ഇവരിൽ നാലുപേർ അത്യാഹിത വിഭാഗത്തിലും ബാക്കിയുള്ളവർ ഒ.പി. വിഭാഗത്തിലുമാണെത്തിയത്.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാതയും ചേർന്ന് കേക്ക് മുറിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. റിജിത്കൃഷ്ണൻ, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് എന്നിവർ പങ്കെടുത്തു.
മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ, ഉപാധ്യക്ഷൻ പി. അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവരും ആസ്പത്രിയിലെത്തി.
യാതൊരു സജ്ജീകരണങ്ങളുമൊരുക്കാതെ രണ്ടുവർഷം മുൻപ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആസ്പത്രിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഉദ്ഘാടനംചെയ്തിട്ടും ആസ്പത്രി തുറക്കാത്തത് നിരന്തര സമരകോലാഹലങ്ങൾക്കിടയാക്കി. ആസ്പത്രി തുറക്കുമെന്ന് രണ്ടുതവണ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. മൂന്നാംതവണത്തെ പ്രഖ്യാപനമായിരുന്നു മാർച്ചിൽ തുറക്കുമെന്ന്. മൂന്ന് നിലകളിലായി പണിത ആസ്പത്രിയിൽ 90 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. കിടത്തിച്ചികിത്സയും മറ്റും അധികം വൈകാതെ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..