ദേശീയപാതാ നവീകരണം; കരാർ കമ്പനി വാക്കുപാലിച്ചില്ല: പൊടിയും മണ്ണും നിറയുന്നു


1 min read
Read later
Print
Share

കുടിയൊഴിയാനൊരുങ്ങി എൻഡോസൾഫാൻ ദുരിതബാധിത കുടുംബം

•  അടച്ചിട്ട കടയുടെ മുന്നിൽ ചന്ദ്രനും അമ്മ കുഞ്ഞമ്മയും

പെരിയ : ദേശീയപാതാവികസനം ഏറ്റെടുത്ത കരാർ കമ്പനി വാക്കുപാലിച്ചില്ല. ചാലിങ്കാലിലെ ചന്ദ്രന്റെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. എൻഡോസൾഫാൻ ദുരിതബാധിത ഉൾപ്പെടുന്ന കുടുംബമാണ് പൊടിശല്യം കാരണം കുടിയൊഴിയാനൊരുങ്ങുന്നത്. നാലുമാസം മുൻപ്‌ ചാലിങ്കാലിൽനിന്ന്‌ രാവണേശ്വരത്തേക്കുള്ള റോഡ് ദേശീയപാതാ വികസനത്തിനായി കിളച്ച് താഴ്ത്തിയിരുന്നു. ഒരു മാസത്തിനകം പൊളിച്ച റോഡ് ടാർ ചെയ്ത്‌ സഞ്ചാരയോഗ്യമാക്കിനൽകുമെന്നാണ് കരാർ കമ്പനി പ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പുകൊടുത്തിരുന്നത്. ആദ്യമാസം റോഡ് അടച്ചിടുകയായിരുന്നു. പിന്നീട് ഒരുവാഹനത്തിന് കടന്നുപോകാൻ പറ്റുംവിധം തുറന്നുകൊടുത്തു. നാട്ടുകാർ പ്രതിഷേധവുമായെത്തിയപ്പോൾ റോഡ് വീതികൂട്ടി വികസിപ്പിച്ചു.

ഇടിച്ചുതാഴ്ത്തിയ റോഡിലെ മണ്ണുംപൊടിയുമാണ് ചന്ദ്രന്റെ അനാദിക്കടയിലും സമീപത്തെ അഭിലാഷിന്റെ ബാർബർ ഷോപ്പിലും വന്ന് നിറയുന്നത്. ചന്ദ്രന്റെ അമ്മ കുഞ്ഞമ്മ എൻഡോസൾഫാൻ ദുരിതബാധിതയാണ്. കടുത്ത ആസ്ത്‌മ രോഗിയായ കുഞ്ഞമ്മയെ പൊടിശല്യം കാരണം പലതവണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പൊടി നിറയുന്നതിനാൽ ചന്ദ്രന് കട തുറക്കാൻ സാധിക്കുന്നില്ല. ഉപജീവനമാർഗം വഴിമുട്ടിയതോടെ കടക്കെണിയിലായിരിക്കുകയാണ് കുടുംബം.

മഴയത്ത് കൂടുതൽ ദുരിതമാകും

പൊളിച്ചിട്ട റോഡ് മെറ്റൽ ചെയ്തില്ലെങ്കിൽ മഴയത്ത് ഇവിടം കൂടുതൽ ദുരിതപൂർണമാകും. രോഗിയായ അമ്മയുടെ ജീവൻ നിലനിർത്തണമെങ്കിൽ ഇവിടെനിന്ന് കുടിയൊഴിയേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് ചന്ദ്രൻ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരെ വിളിച്ച് പ്രതിഷേധമറിയിച്ചിരുന്നു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച മിനിമാസ്റ്റ് വിളക്ക് ഇവിടെ പുനഃസ്ഥാപിച്ചിട്ടില്ല. രാവിലെ രാവണേശ്വരം, ചാലിങ്കാൽ ഭാഗത്തെ നൂറുകണക്കിന് വിദ്യാർഥികൾ പൊടിയിൽ കുളിച്ചാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ചന്ദ്രനും കുടുംബവും കളക്ടർക്ക് പരാതി നൽകി.

റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനായി എൻജിനിയറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് മേഘ കൺസ്ട്രക്‌ഷൻസ് കമ്പനി ലെയ്സൺ മാനേജർ ബെന്നി അബ്രഹാം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..