ഉഡുപ്പി-കരിന്തളം 400 കെ.വി. വൈദ്യുത ലൈൻ: സ്ഥലം ഏറ്റെടുക്കാനെത്തിയ കളക്ടറെ തടഞ്ഞു


2 min read
Read later
Print
Share

നഷ്ടപരിഹാരം അപര്യാപ്തം, കർഷകപ്രതിഷേധം ശക്തം

Caption

രാജപുരം : ഉഡുപ്പി-കരിന്തളം 400 കെ.വി. പവർ വൈദ്യുതലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കർഷക പ്രതിഷേധം ശക്തം. പോലീസ് സംരക്ഷണത്തോടെ ഞായറാഴ്ച രാവിലെ അട്ടേങ്ങാനത്ത് സ്ഥലം ഏറ്റെടുക്കുന്നതിനെത്തിയ കളക്ടർ സ്വാഗത് ആർ.ഭണ്ഡാരിയെ കർഷകർ തടഞ്ഞു. ഭൂമി അന്യായമായി ഏറ്റെടുത്ത് നൽകാനുള്ള നീക്കമാണ് കളക്ടർ നടത്തുന്നതെന്ന് കർഷകർ ആരോപിച്ചു. തുടർന്ന് പോലീസ് കർഷകരെ സ്ഥലത്ത്നിന്ന്‌ നീക്കി.

സംഘർഷാവസ്ഥ കണക്കിലെടുത്ത് അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ.മുകുന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ വലിയ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. നഷ്ടമാകുന്ന ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കമ്പനി അധികൃതരുമായി സമരസമിതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനിടയിലാണ് കർഷകർക്ക് ഒരു മുന്നറിയിപ്പ് നോട്ടീസ് പോലും നൽകാതെ കളക്ടർ സ്ഥലത്തെത്തി കാർഷികവിളകളടക്കം വെട്ടിമാറ്റാനുള്ള ഉത്തരവ് നിർമാണ കമ്പനിക്ക് നൽകിയതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഭൂമിക്കും കാർഷികവിളകൾക്കുമടക്കം മുൻപ് നിശ്ചയിച്ച നഷ്ടപരിഹാരം പുനർനിശ്ചിയിച്ചെങ്കിലും ഇതെത്രയാണെന്നോ എപ്പോൾ കൊടുക്കുമെന്നോ രേഖാമൂലമുള്ള ഉറപ്പൊന്നും കമ്പനിയിൽനിന്ന് ലഭിച്ചില്ലെന്നും കർഷകർ പറയുന്നു. എത്ര സ്ഥലമാണ് ഏറ്റെടുക്കുകയെന്നതും അറിയിച്ചിട്ടില്ല.

വൈദ്യുതലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ 46 മീറ്റർ വീതിയിൽ സ്ഥലം ഉപയോഗശൂന്യമാകും. എന്നാൽ, അതിനുള്ള നഷ്ടപരിഹാരവും നാമമാത്രമാണ്. ഇതൊന്നും പരിഹാരിക്കാതെയുള്ള നടപടികളിൽനിന്നും കളക്ട സ്ഥലം ഏറ്റെടുക്കാനെത്തിയ കളക്ടറെ തടഞ്ഞു പിന്മാറണമെന്ന് കർഷകരക്ഷാസമിതി ആവശ്യപ്പെട്ടു.

വികസനത്തിന് കർഷകർ എതിരല്ലെന്നും എന്നാൽ, പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ചശേഷം പദ്ധതി നടപ്പാക്കണമെന്ന് എം.എൽ.എ. വഴി ആവശ്യപ്പെട്ടിട്ടും അതിന് കളക്ടർ തയ്യാറാകാത്ത സ്ഥിതി അംഗീകരിക്കാൻ കഴിയില്ലെന്നും കർഷകരക്ഷാസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഷിനോജ് ചാക്കോ പറഞ്ഞു. എം.സത്യനാഥ്, പി.കെ.പദ്മനാഭൻ, ഷൈജു ഉദയപുരം, സണ്ണി കോടോം, പഞ്ചായത്തംഗം എൻ.എസ്.ജയശ്രീ, കെ.എച്ച്.ഷാനവാസ്, ചന്ദ്രൻ അട്ടക്കണ്ടം, ബാലചന്ദ്രൻ ആനപ്പെട്ടി, ചന്ദ്രൻ മുള്ളേരിയ, സിദ്ധിഖ് കാട്ടുകുക്ക, പ്രഭാകരൻ കത്തുണ്ടി, അനിൽ തായന്നൂർ, കെ.രാമചന്ദ്രൻ, ഫിലിപ്പ് പിണ്ടിക്കടവ് എന്നിവർ നേതൃത്വം നൽകി.

പേർക്കെതിരേ കേസ്

അമ്പലത്തറ : കളക്ടറെ തടഞ്ഞ സംഭവത്തിൽ 30 പേർക്കെതിരേ കേസ്. കർഷക സമരസമിതി ചെയർമാൻ ഷിനോജ് ചാക്കോ (44), കെ.എച്ച്.ഷാനവാസ് (40), ജോർജ് മാർട്ടിൻ (37), എം.സത്യനാഥൻ (47), കെ.രാമചന്ദ്രൻ (76), കെ.ജെ.സണ്ണി (57), എം.കെ.വിജയൻ (68), കെ.സതീശൻ (58), സി.ജെ.ഫിലിപ്പ് (56) തുടങ്ങിയ 30 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.ചർച്ച നടത്തും -കളക്ടർ

രാജപുരം : ഉഡുപ്പി-കരിന്തളം 400 കെ.വി.പവർലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഉടൻ പൂർത്തിയാക്കും.

നിലവിൽ സ്ഥലം നഷ്ടമാകുന്ന കർഷകർക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 23-ന് രാവിലെ 10-ന് കളക്ടറേറ്റിൽ കർഷകയോഗം വിളിച്ചിട്ടുണ്ട്.

പരാതിയുള്ള കർഷകർ സ്ഥലത്തിന്റെ സർവേ നമ്പർ, അനുബന്ധ രേഖകളുമടക്കം യോഗത്തിൽ പങ്കെടുക്കണം. ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയുണ്ടാകുമെന്നും കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..