മൈലാട്ടി കുടിവെള്ളപദ്ധതിക്കായി സ്ഥാപിച്ച മോട്ടോർപുര
രാജപുരം : വേനലിൽ ചുട്ടുപൊള്ളി മലയോരം. സംസ്ഥാന അതിർത്തി പഞ്ചായത്തായ പനത്തടിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. കോടികൾ മുടക്കി നടപ്പാക്കിയ പദ്ധതികൾ ആർക്കും ഉപകാരമില്ലാതെ നശിക്കുകയാണ്.
ജലവിഭവവകുപ്പിന് കീഴിൽ കുടിവെള്ളവിതരണം നടത്തിയിരുന്ന ഗാന്ധിപുരം കുടിവെള്ളപദ്ധതിയുടെ മോട്ടോർ ഈ മാസം എട്ടിന് പണിമുടക്കിയതോടെ പാണത്തൂർ ടൗണിലടക്കം നിരവധി കുടുംബങ്ങൾക്ക് ദിവസങ്ങളോളമാണ് കുടിവെള്ളം മുടങ്ങിയത്. ചൊവ്വാഴ്ചയാണ് തകരാറുകൾ പരിഹരിച്ചത്.
ജില്ലാ പഞ്ചായത്തിന് കീഴിൽ പാണത്തൂർ വട്ടക്കയത്ത് തടയണ നിർമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പലകയിട്ടിട്ടില്ല. മുൻവർഷങ്ങളിൽ പലകയിട്ട് വെള്ളം തടഞ്ഞ് നിർത്തിയതിനാൽ ഈ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വേനലിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഈവർഷം വേനൽ തുടങ്ങുംമുൻപേ പലകയിടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
വർഷങ്ങൾക്ക് മുൻപേ എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 4.25 കോടി രൂപയുടെ മൈലാട്ടി കുടിവെള്ളപദ്ധതിക്കായി സംഭരണികളും പൈപ്പുലൈനുകളും സ്ഥാപിച്ചിരുന്നു. ഇതും ജനങ്ങൾക്ക് ഉപകാരപ്പെട്ടില്ല. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് കൂടുതൽ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ജലജീവൻ പദ്ധതിയിൽ ലയിപ്പിച്ച് 2019-20 കാലത്ത് ഉദ്ഘാടനവും നടത്തി. പിന്നീട് രണ്ടുവർഷം കൂടി എടുത്താണ് പ്രവൃത്തി പൂർത്തിയാക്കിയതെന്ന് മാത്രം. വെള്ളം വരാൻ തുടങ്ങിയതോടെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ മിക്കയിടങ്ങളിലും പൊട്ടി. ഇതോടെ കുടിവെള്ളവിതരണം തുടങ്ങിയ ദിനത്തിൽതന്നെ നിർത്തുകയും ചെയ്തു.
എന്നാൽ, ജലവിഭവവകുപ്പിന്റെ ബില്ലാകട്ടെ എല്ലാ കുടുംബങ്ങൾക്കും ലഭിക്കുകയും ചെയ്തു. പിന്നീട് പൊട്ടിയ പൈപ്പുകൾ നന്നാക്കാനോ പ്രശ്നത്തിന് പരിഹാരം കാണാനോ അധികൃതരോ കരാറുകാരനോ തയ്യാറായില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
ജലവിഭവവകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. ഇരുവകുപ്പുകളും പരസ്പരം കുറ്റപ്പെടുത്താതെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..