രാജപുരം : ഉഡുപ്പി-കരിന്തളം 400 കെ.വി. വൈദ്യുത പവർലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി വിളിച്ച യോഗം ഞായറാഴ്ച രാവിലെ 10-ന് തുടങ്ങും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. വിഷയവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന അഞ്ച് പഞ്ചായത്തിലെയും കുടുംബങ്ങൾക്ക് പങ്കെടുക്കാം.
രാവിലെ 10 മുതൽ 11 വരെ കിനാനൂർ കരിന്തളം പഞ്ചായത്തിലെയും തുടർന്ന് 12 മണി വരെ കുംബഡാജേ, ബേഡഡുക്ക പഞ്ചായത്തുകളിലെയും കുടുംബങ്ങളുടെ യോഗമായിരിക്കും നടക്കുക. നഷ്ടപരിഹാരമടക്കമുള്ള പ്രശ്നങ്ങളും പരാതികളും ബോധിപ്പിക്കാം.
ഉച്ചയ്ക്ക് 12 മുതൽ ഒരുമണിവരെയാണ് കോടോം ബേളൂർ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് അനുവദിച്ച സമയം. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ മൂന്നുവരെ കാറഡുക്ക, വെള്ളൂർ, എൻമകജെ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കും പരാതികൾ സമർപ്പിക്കാം.
പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ നഷ്ടപരിഹാരം നൽകാതെ ടവർസ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്നതായും വൈദ്യുതലൈൻ കടന്നുപോകുന്ന ഭാഗത്തെ കുടുംബങ്ങൾക്ക് നാമമാത്ര നഷ്ടപരിഹാരം മാത്രമാണ് ലഭിക്കുകയെന്നും ആരോപിച്ച് കർഷകസമരസമിതിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുയരുകയും അട്ടേങ്ങാനത്ത് കളക്ടറെ അടക്കം കഴിഞ്ഞദിവസം തടയുകയും ചെയ്തിരുന്നു.
തുടർന്നാണ് കളക്ടർ നേരിട്ട് ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..