ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ വിനോദസഞ്ചാരകേന്ദ്രമാക്കാൻ കള്ളാർ പഞ്ചായത്ത് അപേക്ഷ നൽകിയിരിക്കുന്ന കുടുംബൂർ തടയണ പ്രദേശം
രാജപുരം : ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന ലക്ഷ്യവുമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയോട് വേണ്ടത്ര ആഭിമുഖ്യം കാട്ടാതെ ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ. 2022-23 സാമ്പത്തികവർഷത്തിൽ ടൂറിസം വകുപ്പ് നിഷ്കർഷിക്കുന്നതരത്തിൽ അപേക്ഷ നൽകിയത് ജില്ലാ പഞ്ചായത്തടക്കം ചുരുങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാത്രം.
സംസ്ഥാനതലത്തിലും ഇതുതന്നെയാണ് സ്ഥിതി. അപേക്ഷകരുടെ പങ്കാളിത്തം കുറവായതിനാൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സർക്കാർ വീണ്ടും സർക്കുലർ അയച്ചിരിക്കയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവർഷമായി സർക്കാർ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. അതുപ്രകാരം ഓരോ പഞ്ചായത്തും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കി ഓൺലൈനായി സമർപ്പിക്കാനും നിർദേശിച്ചിരുന്നു. അവ പരിശോധിച്ച് മികവ് പുലർത്തുന്നവയ്ക്ക് അംഗീകാരം നൽകുകയും പദ്ധതിത്തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം) തുക വിനോദസഞ്ചാരവകുപ്പ് നൽകുകയും ചെയ്യുന്നതാണ് പദ്ധതി.സംസ്ഥാനതലത്തിൽ ഇത്തരത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം അപേക്ഷ നൽകിയവയിൽ മികവ് പുലർത്തി ഭരണാനുമതി നേടിയതാകട്ടെ, വെറും 17 പദ്ധതികൾ മാത്രമാണ്. അതിൽ ജില്ലയിൽനിന്ന് ബളാൽ പഞ്ചായത്തിന്റെ പദ്ധതിയും ഇടംനേടിയിട്ടുണ്ട്.
നിർവഹണവും നടത്തിപ്പും വരുമാനവുമടക്കം തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് സംയുക്തമായും പദ്ധതികൾ ഒരുക്കാം.
ടൂറിസംവകുപ്പിൽനിന്നും ലഭിക്കുന്ന സഹായത്തിന് പുറമെ പ്ലാൻ ഫണ്ട്, തനത് ഫണ്ട്, എം.എൽ.എ. ഫണ്ട് എന്നിവയിൽനിന്ന് ബാക്കി തുക കണ്ടെത്താമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ, ഭൂരിഭാഗം പഞ്ചായത്തുകളും ഫണ്ടിന്റെ അപര്യാപ്തതയും പദ്ധതി തയ്യാറാക്കുന്നതിന്റെയും നടത്തിപ്പിന്റെയും ആശങ്കയും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടി സഹകരിക്കാൻ മടിക്കുകയാണ്.
ചെറിയ മുതൽമുടക്കിൽപോലും സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നതരത്തിൽ പുഴകളും വെള്ളച്ചാട്ടവും പച്ചപ്പും കൊണ്ട് മനോഹരമായ നിരവധി സ്ഥലങ്ങളുണ്ടെങ്കിലും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന് പരിഹാരമാകാൻ കഴിയുന്നതരത്തിൽ ത്രിതല പഞ്ചായത്തുകൾ ഡെസ്റ്റിനേഷൻ ചലഞ്ച് ഏറ്റെടുത്താൽ ജില്ലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവാകും. ഒപ്പം നിരവധി തൊഴിലവസരങ്ങൾക്കും വഴിതുറക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..