രാജപുരം : ഉഡുപ്പി-കരിന്തളം 400 കെ.വി. വൈദ്യുത പവർലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ പ്രശ്നങ്ങൾ കേൾക്കാൻ പോലും കളക്ടർ തയ്യാറായില്ലെന്ന് കർഷകർ. നിരവധി കുടുംബങ്ങളെ ബാധിക്കുന്ന വിഷയം ചർച്ചചെയ്യുന്ന യോഗത്തിലേക്ക് ജനപ്രതിനിധികളെയും രാഷ്ട്രിയപ്രതിനിധികളെയും ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴും പത്രവാർത്തയും നോട്ടീസും കണ്ട് വരണമെന്നായിരുന്നു കളക്ടറുടെ മറുപടിയെന്നും ചർച്ചയിൽ പങ്കെടുത്തവർ ആരോപിച്ചു.
ഞായറാഴ്ച രാവിലെ 10-മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചിരുന്നത്. തുടക്കം മുതൽ ലൈൻ കടന്നുപോകുന്നതിലൂടെ സ്ഥലം നഷ്ടമാകുന്ന കർഷകർക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്ന് കർഷകർ പറയുന്നു. മൂന്നുമാസത്തിനകം ലൈൻ കടന്നുപേകുന്ന സ്ഥലമുടമകൾക്ക് നോട്ടീസ് ലഭിക്കുമെന്നും ആവശ്യമെങ്കിൽ ആ സമയത്ത് ചർച്ചചെയ്യാമെന്നുമാണ് കളക്ടർ അറിയിച്ചത്. ടവർ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും അതുമായി ബന്ധപ്പെട്ട് തടസ്സമുണ്ടായാൽ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
വീടുകളും കെട്ടിടങ്ങളും നഷ്ടമാകുന്ന കുടുംബങ്ങൾക്ക് ദേശീയപാതാ നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ തരത്തിൽ പൊതുമരാമത്ത് കെട്ടിടവിഭാഗം നിഷ്കർഷിക്കുന്ന പ്രത്യേക പാക്കേജ് നടപ്പാക്കാൻ ശ്രമിക്കും.
പവർ ലൈൻ കടന്നുപോകുന്ന ഭാഗത്ത് 46 മീറ്റർ സ്ഥലമാണ് നഷ്ടമാകുന്നതെങ്കിലും ഇതിൽ 10 മീറ്റർ സ്ഥലത്തിന് മാത്രമാണ് ന്യായവിലയുടെ 15 ശതമാനം നഷ്ടപരിഹാരം ലഭിക്കുക. ഇതിനപകരം ബാക്കിഭാഗത്തിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകുമെന്നും കളക്ടർ അറിയിച്ചു.
എന്നാൽ, വിപണിവിലയേക്കാൾ കുറവാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില. അതുകൊണ്ട് നഷ്ടമാകുന്ന ഭൂമിക്ക് 15 ശതമാനം നഷ്ടപരിഹാരമെന്നത് നാമമാത്രമായിക്കും. അത് പരിഗണിച്ച് ഇടമൺ-കൊച്ചി 400 കെ.വി. പവർ ലൈൻ വലിക്കുമ്പോൾ നൽകിയത് പോലെ പ്രത്യേക പാക്കേജോ എൽ.എ. 13 ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരമോ ലഭ്യമാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കർഷകരക്ഷാ സമിതിയുടെ ആവശ്യം.
ന്യായവിലയുടെ ഇരട്ടിയുടെ 85 ശതമാനം നഷ്ടപരിഹാരം -കളക്ടർ
കാസർകോട് : 46 മീറ്റർ ദൂരമാണ് വൈദ്യുതലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ വേണ്ടത്. ഇരുഭാഗങ്ങളിലുമായി 30 മീറ്ററും അതിന് പുറമേ ഇരുഭാഗങ്ങളിലും എട്ടുമീറ്റർ ബഫർ സോണും ചേർത്താണ് 46 മീറ്റർ. 30 മീറ്ററിനു പുറത്ത് വീടുകളോ മറ്റു നിർമാണപ്രവർത്തനങ്ങളോ നടത്തുന്നതിന് തടസ്സമില്ല. ടവറിനു ഇരുവശത്തും അഞ്ചുമീറ്റർ പരിധിയിലുള്ള എല്ലാ മരങ്ങളും മുറിച്ചുമാറ്റും. 46 മീറ്ററിനുള്ളിലുള്ള മരങ്ങളുടെ ഉയരം വൈദ്യുതലൈനുമായി എട്ട് മീറ്റർ അകലത്തിലായിരിക്കണം. മുറിക്കുന്ന എല്ലാ മരങ്ങൾക്കും സർക്കാർ നിശ്ചയിച്ച നക്ഷ്ടപരിഹാരം യു.കെ.ടി.എൽ. കമ്പനി നൽകും. 30 മീറ്ററിനുള്ളിൽ നിലവിലുള്ള വീടുകൾക്ക് പി.ഡബ്ല്യു.ഡി. നിശ്ചയിച്ച നഷ്ടപരിഹാരം നൽകും. ടവർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഭൂമിക്ക് ന്യായവിലയുടെ ഇരട്ടിയുടെ 85 ശതമാനം നഷ്ടപരിഹാരം നൽകുമെന്നും കളക്ടർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..