കശുവണ്ടി വില താഴോട്ട് തന്നെ


1 min read
Read later
Print
Share

കോർപ്പറേഷന്റെ സംഭരണവും പാളി

Caption

രാജപുരം: ഉത്പാദനം കുറവായിട്ടും കശുവണ്ടിയുടെ വില നാൾക്കുനാൾ താഴോട്ട് തന്നെ. മികച്ച വിളവും വിലയും പ്രതീക്ഷിച്ച കർഷകർക്ക് നിരാശമാത്രം.

റബ്ബറും തേങ്ങയും അടക്കമുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രതീക്ഷ കശുവണ്ടിക്ക് മികച്ച വില ലഭിക്കുമെന്നതായിരുന്നു. എന്നാൽ, സീസൺ തുടക്കത്തിൽ ഉണ്ടായിരുന്ന വില ദിവസം കഴിയുംതോറും കുറയുകയാണ്.

മാർച്ച് 29 വരെ കിലോയ്ക്ക് 112 രൂപയായിരുന്നു മാർക്കറ്റ് വില. തൊട്ടടുത്ത ദിവസമായപ്പോൾ ഇത് 110 രൂപയായി. പിന്നീട് വില ക്രമാനുഗതമായി കുറയുകയാണ്. കിലോയ്ക്ക് 104 രൂപയാണ് തിങ്കളാഴ്ചത്തെ വില. വരുംദിവസങ്ങളിൽ ഇത് നൂറിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.

കശുവണ്ടിസീസൺ തുടങ്ങിയ സമയത്ത് കശുവണ്ടി വികസന കോർപ്പറേഷന്റെയും സഹകരണവകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിലെ സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടന്നിരുന്നു.

ഇതിന്റെ ഭാഗമായി കിലോയ്ക്ക് 114 രൂപ നിരക്കിൽ മാർച്ച് ആറുമുതൽ മേയ്‌വരെ കശുവണ്ടി സംഭരിക്കാൻ തീരുമാനിച്ചിരുന്നു.

മുൻവർഷങ്ങളിൽ സഹകരണസംഘങ്ങൾ വഴി കശുവണ്ടി സംഭരിച്ച് ഫാക്ടറികളിൽ എത്തിച്ചപ്പോൾ തൂക്കവ്യത്യാസമുണ്ടായത് കണക്കിലെടുത്ത് സഹകരണസംഘങ്ങൾക്ക് നഷ്ടമുണ്ടാകാതിരിക്കാൻ ഏഴ് ശതമാനം അധികതുക നൽകാനും യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, അഞ്ച് സഹകരണസംഘങ്ങൾ ഒഴികെ ഭൂരിഭാഗവും കശുവണ്ടിസംഭരണത്തിന് തയ്യാറായില്ല. ഇതോടെ ജില്ലയിലെ സംഭരണം വേണ്ടത്ര ഫലം കണ്ടില്ല.

കോർപ്പറേഷൻ 114 രൂപ നിരക്കിൽ സംഭരണത്തിന് നീക്കം തുടങ്ങിയതോടെയാണ് പൊതുമാർക്കറ്റിലെ വില 112 ആയി ഉയർന്നത്. സംഭരണം പാളിയതോടെ വിലയിടിയാനും തുടങ്ങി. ഒരു മഴകൂടി എത്തുന്നതോടെ വില വലിയതോതിൽ കുറയുമെന്ന ആശങ്കയിലാണ് കർഷകർ.

പ്രതീക്ഷ നഷ്ടപ്പെട്ട് കർഷകർ

മുൻകാലങ്ങളിൽ മഴക്കാലം തുടങ്ങുമ്പോൾ മാത്രമാണ് കശുവണ്ടിയുടെ വില കുറയുന്ന സാഹചര്യമുണ്ടായിരുന്നത്. എന്നാൽ, ഉത്പാദനത്തിന്റെ മൂർധന്യസമയത്ത് ഇത്തരത്തിൽ വില കുറയാനുള്ള കാരണമെന്തെന്ന് കർഷകർക്കും മനസ്സിലാകുന്നില്ല. കിലോയ്ക്ക് 110 രൂപ നിരക്കിൽ ഇറക്കുമതി ചെയ്ത ഉണക്കിയ തോട്ടണ്ടി, ഫാക്ടറികൾക്ക് ആവശ്യത്തിന് ലഭിക്കാൻ തുടങ്ങിയതും കശുവണ്ടിപരിപ്പിന്റെ വില കുറഞ്ഞതുമാണ് സംസ്ഥാനത്ത് കശുവണ്ടി വില കുറയാൻ കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..