കളക്ടർക്കെതിരേ ആരോപണവുമായികർഷകരക്ഷാസമിതി


1 min read
Read later
Print
Share

ഉഡുപ്പി-കരിന്തളം വൈദ്യുത പവർ ലൈൻ

രാജപുരം : ഉഡുപ്പി-കരിന്തളം 400 കെ.വി. വൈദ്യുത പവർ ലൈനുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരേ ആരോപണവുമായി കർഷക രക്ഷാസമിതി. ചർച്ച നടത്താനെന്ന പേരിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ കർഷകരുടെ യോഗം നടത്തിയത് കമ്പനിക്ക് വേണ്ടിയുള്ള പ്രഹസനമെന്ന ആരോപണവുമായാണ് ഭാരവാഹികൾ രംഗത്തെത്തിയിരിക്കുന്നത്. ന്യായമായ ആവശ്യം പോലും യോഗത്തിൽ അംഗീകരിച്ചില്ലെന്നും കമ്പനിയുടെ വക്താവായാണ് കളക്ടർ സംസാരിച്ചത്.

പാവപ്പെട്ട കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് നിലവിൽ 85 ടവറുകളും പൂർത്തിയാക്കിയത്. പലർക്കും അർഹമായ നഷ്ടപരിഹാരം പോലും നൽകിയില്ല. ബാക്കിയുള്ള ആറ് ടവറുകൾ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധിച്ചപ്പോൾ പോലീസിനെ ഉപയോഗിച്ച് സ്ഥലം ബലമായി പിടിച്ചെടുക്കുകയായിരുന്നു. അട്ടേങ്ങാനത്ത് ടവറോ ലൈനോ കടന്ന് പോകാത്ത സ്ഥലത്തെ 10 തെങ്ങുകളാണ് കോടതി നിർദേശം പോലും പാലിക്കാതെ മുറിച്ച് നീക്കിയത്.

കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് മുറിച്ച് നീക്കുന്ന കാർഷിക വിളകൾക്കടക്കം പുതുക്കിയ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കിയ 85 ടവറുകളുടെ സ്ഥലത്തിന്റെ ഉടമകൾക്ക് ഇത് നൽകാനാവില്ലെന്നും വീടും സ്ഥലവുമടക്കം നഷ്ടമാകുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാൻ നിയമമില്ലെന്നുമാണ് കളക്ടർ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ജില്ലയിൽ 400-ൽ അധികം കുടുംബങ്ങളാണ് വൈദ്യുത ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദുരിതത്തിലായിരിക്കുന്നത്.

600 ഹെക്ടറിൽ അധികം കൃഷിസ്ഥലവും ഉപയോഗശൂന്യമാകും. കൃത്യമായി സർവേ നടത്തി ഏറ്റെടുക്കുന്ന സ്ഥലം നിശ്ചയിക്കാൻ പോലും കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ഇത്തരത്തിൽ കടുത്ത ജനദ്രോഹ നടപടികളാണ് കമ്പനിയുടെയും കളക്ടറുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ സമരത്തിന് കർഷക രക്ഷാസമിതി നേതൃത്വം നൽകും.

ഇതിന്റെ ഭാഗമായി 28-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒടയംചാൽ വ്യാപാരഭവൻ ഹാളിൽ ഭൂമി നഷ്ടപ്പെടുന്ന കർഷകരുടെ യോഗം നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമിതി ചെയർമാൻ ഷിനോജ് ചാക്കോ, കെ. നാരായണൻ കുട്ടി, എം.കെ. ഭാസ്‌കരൻ, എം. സത്യനാഥൻ, കെ.എച്ച്. ഷാനവാസ്, എം. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..