ചുള്ളിക്കര തൂങ്ങൽ പട്ടികവർഗ കോളനിയിൽ നടന്ന പരാതിപരിഹാര അദാലത്ത് എസ്.എം.എസ്. ഡിവൈ.എസ്.പി. സതീഷ് ആലിക്കൽ ഉദ്ഘാടനം ചെയ്യുന്നു
രാജപുരം : ട്രൈബൽ ജനമൈത്രി പരിപാടിയുടെ ഭാഗമായി രാജപുരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചുള്ളിക്കര തൂങ്ങൽ പട്ടികവർഗകോളനിയിൽ പരാതിപരിഹാര അദാലത്ത് നടത്തി. എസ്.എം.എസ്. ഡിവൈ.എസ്.പി.സതീഷ് ആലിക്കൽ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു.
പഞ്ചായത്തംഗം ബിന്ദു കൃഷ്ണൻ, രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ, കെ.കാളിദാസ്, സി.പി.ഗോപാലൻ, ഇ.കെ.മനോജ് എന്നിവർ സംസാരിച്ചു. ജലവിഭവവകുപ്പ് ഒഴികെ മറ്റ് വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് കോളനി സന്ദർശനവും പരാതിപരിഹാര അദാലത്തും നിശ്ചയിച്ചിരുന്നെങ്കിലും കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനാൽ പങ്കെടുക്കാനായില്ല.
അദാലത്തിൽ ലഭിച്ച പരാതികളുമായി ബന്ധപ്പെട്ട് രാജപുരം സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി പങ്കെടുത്തുകൊണ്ടുള്ള യോഗം നടത്തുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. വീട്, കുടിവെള്ളം, വൈദ്യുതീകരണം, ഭൂമി തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 46 പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് വന്നത്.
ഇവ പരിശോധന നടത്തി അതത് വകുപ്പ് അധികൃതർക്ക് തുടർനടപടികൾക്കായി കൈമാറും. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ 160 പട്ടികവർഗ കോളനികളിലും രണ്ട് പട്ടികജാതി കോളനികളിലുമായി 10,000-ത്തിലധികം ആളുകൾ കഴിയുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കോളനികൾ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..