ദേശീയപാതയിൽ വേഗം 30 കിലോമീറ്റർ മാത്രം: മറന്നാൽ അപകടം അരികെ


1 min read
Read later
Print
Share

റോഡ് മുറിഞ്ഞുകിടക്കുന്ന ചാലിങ്കാൽ മെട്ടയിൽ വാഹനങ്ങളുടെ യാത്ര

പെരിയ : ഗതാഗതം മുടക്കാതെയാണ്‌ ദേശീയപാതയുടെ ഇരുഭാഗത്തും നവീകരണം നടക്കുന്നത്. വർഷങ്ങളായി അപകട മേഖലകളായി കുപ്രസിദ്ധി നേടിയ പ്രധാന ഇടങ്ങളിലാണ് പണി പുരോഗമിക്കുന്നത്.

ചെമ്മട്ടംവയൽ, പൊള്ളക്കട, കേളോത്ത്, ചാലിങ്കാൽ, പെരിയ തുടങ്ങിയ ഇടങ്ങളിലെ അപകട മേഖലകളിലെല്ലാം പണി പുരോഗമിക്കുകയാണ്. പല സ്ഥലത്തും ഉയർത്തിയും ചിലയിടത്ത് താഴ്ത്തിയുമാണ് നിർമാണം നടക്കുന്നത്.

പല ഇടങ്ങളിലും യാത്രികർ വാഹനങ്ങൾ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ട്‌ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, മിക്കയിടത്തും റോഡിന്റെ ഒരു ഭാഗത്ത് മാത്രമേ മുന്നറിയിപ്പ് സൂചനാ ബോർഡുകളുള്ളൂ. മാസങ്ങളായി നടന്നുവരുന്ന റോഡ് പണിയിൽ ഓരോ സ്ഥലത്തും നടത്തേണ്ട പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് നിർമാണം.

അതുകൊണ്ട് തന്നെ നിലവിലുള്ള റോഡ് പലയിടത്തും മുറിഞ്ഞും ഉയർന്നുമാണ് കിടക്കുന്നത്. ചിലയിടത്ത് റോഡ് പൊളിച്ചിട്ടനിലയിലുമാണ്.

പുതുതായി നിർമിച്ച റോഡ് താഴ്ന്നുകിടക്കുന്ന മൂലക്കണ്ടത്ത് അപകടങ്ങൾ ഒഴിവാക്കാൻ ഹമ്പ് നിർമച്ചിട്ടുണ്ട്. അവിടെ സൂചനാ ബോർഡുകൾ നോക്കാതെ യാത്രചെയ്താൽ ഹമ്പിൽ തട്ടി അപകടത്തിൽപ്പെടാൻ ഇടയുണ്ട്.

റോഡുപണി പുരോഗമിക്കുന്നതിനാൽ അത്തരം സ്ഥലങ്ങളിലെല്ലാം പരമാവധി 30 കിലോമീറ്റർ വേഗത്തിൽ മാത്രമേ വാഹനങ്ങൾ പോകാവൂ എന്നാണ് നിർദേശം. എന്നാൽ, റോഡിന്റെ അപകടസാധ്യത മനസ്സിലാക്കാതെ വേഗം കുറയ്ക്കാതെ യാത്രചെയ്യുന്നവർ ഏറെയാണ്.

ചാലിങ്കാൽ മെട്ടയിലാണ് മറ്റൊരു അപകടക്കെണി നിലനിൽക്കുന്നത്. ഇവിടെ റോഡിന്റെ പടിഞ്ഞാറുഭാഗത്തെ പണി തീർന്നതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. എന്നാൽ, റോഡ് വികസനം നടക്കാത്ത പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തേക്ക് വാഹനങ്ങളുടെ പെട്ടെന്നുള്ള വെട്ടിക്കലും തുടർന്നുള്ള ഇറക്കവും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി ഇവിടെ നിയന്ത്രണം വിട്ടെത്തിയ ഒരു കാർ മംഗളൂരു ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയിൽ ഇടിച്ച് ഒരാൾക്ക് പരിക്കറ്റിരുന്നു.

ചെർക്കാപ്പാറ തോക്കാനംമെട്ട സ്വദേശി സതീഷിനാണ് (40) പരിക്കേറ്റത്. അപകടം വർധിക്കുന്ന സാഹചര്യത്തിൽ സൂചനാബോർഡുകൾ എല്ലായിടത്തും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..