കർഷകനായ അയറോട്ടെ രാജീവന് കൃഷിവകുപ്പ് അധികൃതർ നൽകിയ സംഭരണാനുമതിപത്രത്തിൽ പറഞ്ഞതിൽ കൂടുതലുള്ള തേങ്ങകൾ പൊതുവിപണിയിൽ വിൽക്കാനായി പൊതിച്ചിട്ട നിലയിൽ
രാജപുരം : വിലയിടിവിൽ തളർന്ന് നാളികേര കർഷകർ. കേരഫെഡിനുവേണ്ടി ജില്ലയിൽ പച്ചത്തേങ്ങ സംഭരിക്കുന്നത് വിരലിലെണ്ണാവുന്ന സഹകരണസംഘങ്ങൾ മാത്രം. പരിധിയില്ലാതെ എല്ലാ ദിവസവും തേങ്ങയെടുക്കാനും കൃത്യമായി വില ലഭ്യമാക്കാനും നടപടിയില്ലെന്ന ആക്ഷേപവുമായി കർഷകർ.
ആഴ്ചയിൽ രണ്ടുദിവസം മാത്രമുള്ള സംഭരണം വഴി ജില്ലയിൽനിന്ന് ഒരുമാസം പരമാവധി ശേഖരിക്കുന്നത് 240 ടൺ മാത്രം. ഉത്പാദനമാകട്ടെ ഇതിന്റെ എത്രയോ ഇരട്ടിയും. ഇതോടെ തേങ്ങ മുഴുവൻ വിറ്റഴിക്കണമെങ്കിൽ കർഷകന് ആശ്രയം പൊതുവിപണി മാത്രം.
കേരഫെഡിനായി കിലോയ്ക്ക് 34 രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. എന്നാൽ പൊതുവിപണിയിലാകട്ടെ 26 രൂപയാണ് ചൊവ്വാഴ്ചത്തെ വില. നിലവിൽ അറ് സഹകരണസംഘങ്ങളാണ് ജില്ലയിൽ കേരഫെഡിനുവേണ്ടി പച്ചത്തേങ്ങ സംഭരിക്കുന്നത്.
പുതുതായി മാലക്കല്ല് മലനാട് മാർക്കറ്റിങ് സൊസൈറ്റിക്കും കൃഷിവകുപ്പ് സംഭരണാനുമതി നൽകിയിട്ടുണ്ട്. രണ്ട് സഹകരണസംഘങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുമുണ്ട്. കൂടുതൽ സഹകരണസംഘങ്ങൾ വഴി ജില്ലയുടെ എല്ലാ മേഖലകളിൽനിന്നും കൃത്യമായി പച്ചത്തേങ്ങ സംഭരിക്കാനും വില ലഭ്യമാക്കാനും സംവിധാനമൊരുക്കിയാൽ കർഷകർക്ക് ഏറെ ആശ്വാസമാകും. പൊതുവിപണിയിൽ പച്ചത്തേങ്ങ വില ഉയരുകയും ചെയ്യും.
കൊപ്രസംഭരണവും നീളുന്നു
:നാഫെഡിനുവേണ്ടിയുള്ള കൊപ്രസംഭരണം ഏപ്രിലിൽ തുടങ്ങുമെന്നായിരുന്നു കൃഷിവകുപ്പിന്റെ അറിയിപ്പ്. എന്നാൽ സംസ്ഥാനത്ത് മേയ് ആയിട്ടും തുടങ്ങിയിട്ടില്ല. പൊതുവിപണിയിലാകട്ടെ തേങ്ങയുടെ വില 26 രൂപയായി കുറയുകയും ചെയ്തു.
കൊപ്രസംഭരണം പുനാരംഭിക്കണമെന്ന സംസ്ഥാന കൃഷിവകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്ന് കൊപ്ര ശേഖരിക്കാൻ നാഫെഡിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. ക്വിന്റലിന് 10,860 രൂപ നിരക്കിൽ 50,000 മെട്രിക് ടൺ കൊപ്ര സംഭരിക്കാനായിരുന്നു നിർദേശം. ആറുമാസം നീളുന്ന സംഭരണം നിലവിലെ വിപണിവിലയെക്കാൾ ഉയർന്നതിനാൽ ഗുണകരമാകുമായിരുന്നു. എന്നാൽ കൃഷിവകുപ്പിന്റെ പ്രഖ്യാപനത്തിനപ്പുറം നടപടികൾ ഒന്നുമായില്ല.
കണക്കും ഉത്പാദനവും രണ്ടുവഴിക്കെന്ന് കർഷകർ
കേരഫെഡിന് വേണ്ടി ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സഹകരണസംഘങ്ങൾ വഴിയുള്ള പച്ചത്തേങ്ങാ സംഭരണം. ഒരുദിവസം പരമാവധി അഞ്ചുടൺ തേങ്ങ സംഭരിക്കാനാണ് അനുമതി. ഇത്തരത്തിൽ ഒരു സംഭരണകേന്ദ്രത്തിൽനിന്ന് മാസം 40 ടൺ തേങ്ങ മാത്രമാണ് സംഭരിക്കുന്നത്. കൃഷിവകുപ്പ് അനുവദിച്ച സർട്ടിഫിക്കറ്റ് പ്രകാരം എത്തിക്കുന്ന തേങ്ങയുടെ തൂക്കം കൂടിയാൽ ബാക്കിവരുന്നത് കർഷകൻ തിരിച്ചുകൊണ്ടുപോകണം. തേങ്ങയുടെ വില ലഭിക്കണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കുകയും വേണം.
കൃഷിവകുപ്പിന്റെ തെറ്റായ കണക്കുകളും നടപടികളും കാരണം സംഭരണകേന്ദ്രങ്ങൾ കർഷകർ കൈയൊഴിയുന്ന സ്ഥിതിയാണുള്ളത്. ഒരുവർഷം തെങ്ങൊന്നിന് 70 തേങ്ങ എന്ന കണക്കുപ്രകാരമാണ് കൃഷിവകുപ്പധികൃതർ തേങ്ങാസംഭരണത്തിന് സർട്ടിഫിക്കറ്റ് നൽകുന്നത്. ജില്ലയിൽ സാധാരണമായി വർഷത്തിൽ നാലുതവണയാണ് തേങ്ങയുടെ വിളവെടുപ്പ്. ഒരു പ്രാവശ്യത്തെ വിളവെടുപ്പിനുതന്നെ കൃഷിവകുപ്പ് കണക്കുപ്രകാരമുള്ള തേങ്ങ ലഭിക്കും. ഇതിന്റെ അഞ്ചിലൊന്ന് മാത്രമാണ് സംഭരണകേന്ദ്രം വഴി 34 രൂപ തോതിൽ വിൽക്കാൻ സാധിക്കുന്നത്. ബാക്കി തേങ്ങ പൊതുവിപണിയിൽ ചെറിയ വിലയ്ക്ക് നൽകേണ്ട സ്ഥിതിയാണെന്നും കർഷകർ പറയുന്നു.
ഒരുതരത്തിലുള്ള പരിശോധനയും കൂടാതെയുള്ള കണക്കാണ് കൃഷിവകുപ്പിന്റെതെന്നും തെങ്ങിന്റെ പരിപാലനവും തേങ്ങയിടലും പൊതിക്കലും കയറ്റിറക്കുകൂലിയും കഴിച്ചാൽ നഷ്ടത്തിന്റെ കണക്ക് മാത്രമാണ് മുന്നിലുള്ളതെന്നും കർഷകർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..