രാജപുരം : കശുവണ്ടിക്കും പച്ചത്തേങ്ങയ്ക്കും കുരുമുളകിനും വില താഴോട്ട്. അധ്വാനത്തിന്റെ കൂലിപോലും ലഭിക്കാതെ റബ്ബറും. മനസ്സ് തകർന്ന് മലയോരത്തെ കർഷകർ.
കശുവണ്ടിക്ക് കുറഞ്ഞത് അഞ്ചുരൂപ
:രണ്ട് ദിവസത്തിനിടെ ഒരുകിലോ കശുവണ്ടിക്ക് കുറഞ്ഞത് അഞ്ച് രൂപ. തിങ്കളാഴ്ച 85 രൂപയായിരുന്നത് ചൊവ്വാഴ്ച 82-ഉം ബുധനാഴ്ച 80-ഉം ആയി. മഴയുടെ സൂചനയാണ് ഒറ്റയടിക്ക് വില കുറയാൻ കാരണം. സീസൺ ആരംഭത്തിൽ 113.50 രൂപ വരെ ലഭിച്ചിടത്താണ് മേയ് പകുതിയാകുമ്പേഴേക്കും വില കുത്തനെ കുറഞ്ഞത്.
കശുവണ്ടി വികസന കോർപ്പറേഷന്റെ അനാസ്ഥ മുതലെടുത്ത് വ്യാപാരികളും ഫാക്ടറി ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് വില കുറയാൻ കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്.
സഹകരണവകുപ്പിന്റെ സഹായത്തോടെ കോർപ്പറേഷൻ കശുവണ്ടി സംഭരണം നടത്താൻ തീരുമാനിച്ചെങ്കിലും വേണ്ടത്ര മുന്നൊരുക്കം നടത്താനോ ആവശ്യമായ സംഭരണകേന്ദ്രങ്ങൾ തുടങ്ങാനോ സാധിച്ചില്ല. ഇറക്കുമതി തോട്ടണ്ടി വിലക്കുറവിൽ ലഭിക്കുന്നതാണ് വില കുറയാൻ കാരണമായി വ്യാപാരികൾ പറയുന്നത്.
തേങ്ങവില കുറഞ്ഞു
:ആഴ്ചകളായി കിലോയ്ക്ക് 26 രൂപയാണ് തേങ്ങയുടെ വില. ബുധനാഴ്ച 25 രൂപയായി കുറഞ്ഞു. കേരഫെഡിന് വേണ്ടിയുള്ള സംഭരണം നന്നായി നടത്തിയിരുന്നെങ്കിൽ പൊതുവിപണിയിൽ 32 രൂപയെങ്കിലും ലഭിക്കുമായിരുന്നുവെന്ന് കർഷകർ പറയുന്നു.
കുരുമുളകിന്റെ സ്ഥിതിയും മോശം :വിലയിൽ അല്പം മെച്ചമുണ്ടെങ്കിലും കുരുമുളകിന്റെ സ്ഥിതിയും മോശമാവുകയാണ്. രണ്ടുദിവസം മുൻപ് കിലോയ്ക്ക് 475 രൂപയുണ്ടായിരുന്നത് ബുധനാഴ്ച 460 ആയി കുറഞ്ഞു. കർഷകർക്ക് അൽപ്പമെങ്കിലും ആശ്വാസമാകുന്നത് അടയ്ക്കയുടെ വില മാത്രമാണ്.
റബ്ബറും നഷ്ടം
:റബ്ബറിനാകട്ടെ, 154 രൂപയാണ് ബുധനാഴ്ചത്തെ വിപണിവില. സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ ഫണ്ടിൽനിന്നുള്ള സഹായം ലഭിച്ചാൽ ഇത് 170 രൂപയാകുമെന്ന് മാത്രം. കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ റബ്ബർകൃഷിയും നഷ്ടമാണെന്നാണ് കർഷകപക്ഷം. ഇക്കാരണത്താൽ ജില്ലയിലെ പല തോട്ടങ്ങളിലും കഴിഞ്ഞവർഷം ടാപ്പിങ് നടത്തിയില്ല. ഇത്തരത്തിൽ ഉത്പാദനം കുറയുന്നത് റബ്ബർഷിറ്റ് വിൽപ്പനയിലൂടെ സർക്കാരുകൾക്ക് ലഭിക്കുന്ന നികുതിവരുമാനത്തെ ബാധിക്കുമെന്നും അധികൃതർ തിരിച്ചറിയണമെന്നും കർഷകർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..