Caption
രാജപുരം : കേരഫെഡിന് വേണ്ടിയുള്ള സംഭരണകേന്ദ്രങ്ങൾ പരിമിതം. ജില്ലയിൽ പച്ചത്തേങ്ങയുടെ വില ഓരോ ദിവസം കഴിയുംതോറും താഴോട്ട് തന്നെ. കിലോയ്ക്ക് 24 രൂപയാണ് മലയോരത്തെ ഇന്നത്തെ വിപണിവില. വരുംദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞദിവസംവരെ 26 രൂപയുണ്ടായിരുന്ന തേങ്ങയ്ക്കാണ് ഒറ്റയടിക്ക് രണ്ട് രൂപ കുറഞ്ഞിരിക്കുന്നത്.
കൃഷിവകുപ്പിന്റെ നിർദേശപ്രകാരം നിലവിൽ കേരഫെഡിനുവേണ്ടി 34 രൂപ നിരക്കിൽ ജില്ലയിൽനിന്നും സഹകരണ സംഘങ്ങൾ വഴി തേങ്ങ സംഭരിക്കുന്നുണ്ട്. എന്നാൽ, ഇത് വേണ്ടത്ര ഗുണകരമല്ലെന്നാണ് കർഷകർ പറയുന്നത്. ചൊവ്വാഴ്ചമുതൽ സംഭരണം തുടങ്ങിയ മാലക്കല്ല് മലനാട് മാർക്കറ്റിങ് സൊസൈറ്റിയടക്കം ഏഴ് സഹകരണ സംഘങ്ങൾക്ക് മാത്രമാണ് തേങ്ങ സംഭരിക്കാൻ അനുമതി നൽകിയിട്ടുളളത്. അതും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സംഭരണം. ഒരുദിവസം പരമാവധി അഞ്ച് ടണ്ണിൽ കൂടുതൽ ശേഖരിക്കാൻ അനുമതിയുമില്ല.
സംഭരണകേന്ദ്രത്തിൽ തേങ്ങ വിൽപ്പന നടത്തണമെങ്കിൽ കൃഷിഭവനിൽനിന്ന് തെങ്ങുകളുടെ കണക്കടക്കം നൽകി കർഷകർ അനുമതിപത്രവും വാങ്ങണം. ഒരു തെങ്ങിൽനിന്നും വർഷത്തിൽ പരമാവധി 70 തേങ്ങ എന്നതാണ് കൃഷിവകുപ്പ് കണക്ക്. എന്നാൽ മികച്ച വിളവ് തരുന്ന തെങ്ങുകളിൽനിന്നും ഇതിന്റെ നാലും അഞ്ചും ഇരട്ടി തേങ്ങ ലഭിക്കുമെന്ന് കർഷകർ പറയുന്നു. ഇതോടെ സംഭരണകേന്ദ്രങ്ങൾ വഴി ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് തേങ്ങ പോലും വിൽക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. വിലക്കുറവാണെങ്കിലും പൊതുമാർക്കറ്റിനെ അശ്രയിക്കുക മാത്രമാണ് പിന്നെയുള്ള വഴി. സഹകരണ സംഘങ്ങൾ വഴി വിൽപ്പന നടത്തുന്ന തേങ്ങയുടെ വില ലഭിക്കാനുള്ള കാലതാമസവും കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്.
മികച്ച കാലാവസ്ഥയും ആവശ്യത്തിന് മഴയും ലഭിച്ചതോടെ തമിഴ്നാട്ടിലും കർണാടകയിലും ഉത്പാദനം കൂടിയതാണ് തേങ്ങയുടെ വിലക്കുറവിന് പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. കൂടാതെ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതും വിപണിയിൽ തേങ്ങയുടെ വിലയിടിവിന് കാരണമായി പറയപ്പെടുന്നു. കൂടുതൽ സഹകരണസംഘങ്ങൾ വഴി ജില്ലയുടെ എല്ലാ മേഖലകളിൽനിന്നും കൃത്യമായി പച്ചത്തേങ്ങ സംഭരിക്കാനും മെച്ചപ്പെട്ട വില ലഭ്യമാക്കാനും സംവിധാനമൊരുക്കിയാൽ കർഷകർക്ക് ഏറെ ആശ്വാസമാകും. പൊതുമാർക്കറ്റിൽ വലിയ തോതിൽ വില കുറഞ്ഞതോടെ പരിധിയിൽ കൂടുതൽ തേങ്ങ സംഭരിക്കാൻ കേരഫെഡിനും കഴിയാത്ത സ്ഥിതിയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..