Caption
രാജപുരം : നാഫെഡിന് വേണ്ടി സംസ്ഥാനത്ത് ഏപ്രിൽ ആദ്യം മുതൽ കൊപ്ര സംഭരിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. ഇനിയും സംഭരണം തുടങ്ങാനാകാതെ കൃഷിവകുപ്പ് മലക്കം മറിയുന്നു.
സർക്കാർപ്രഖ്യാപനത്തിൽ വിശ്വസിച്ച് കൊപ്ര തയ്യാറാക്കിയ കർഷകർക്കാകട്ടെ പൊതുമാർക്കറ്റിൽ നഷ്ടത്തിന് വിൽക്കേണ്ടിയും വന്നു. നിലവിൽ പച്ചത്തേങ്ങ വില 24 ആയി കുറഞ്ഞതോടെ കൊപ്രസംഭരണം ഉടൻ തുടങ്ങാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
കേരകർഷകരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഭരണം പുനരാരംഭിക്കാൻ സംസ്ഥാന കൃഷിവകുപ്പ് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഏപ്രിൽ മുതൽ അറുമാസത്തിനകം നാഫെഡിന് വേണ്ടി 50,000 മെട്രിക് ടൺ കൊപ്ര ശേഖരിക്കാനായിരുന്നു തീരുമാനം.
എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് എവിടെയും കൊപ്രസംഭരണം തുടങ്ങിയതായി വിവരമില്ല.
ഇതോടെ കഴിഞ്ഞ വർഷത്തെപോലെ ഈ വർഷവും സംഭരണം പാളാനാണ് സാധ്യത. കാലാവധി എട്ടുമാസമായി ഉയർത്തിയിട്ടും 50,000 മെട്രിക് ടൺ കൊപ്ര സംഭരിക്കാൻ നിശ്ചയിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം വെറും 250 മെട്രിക് ടൺ മാത്രമാണ് ശേഖരിക്കാനായത്.
പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികപ്രശ്നങ്ങളും നാഫെഡിന്റെ മാനദണ്ഡങ്ങളുമാണ് ഇതിന് കാരണമായി പറയുന്നത്. സംസ്ഥാനത്ത് പൊതുവേ കർഷകർ തേങ്ങ, കൊപ്രയാക്കി വിൽപ്പന നടത്തുന്നത് കുറവാണ്.
കച്ചവടക്കാർ പച്ചത്തേങ്ങ സംഭരിച്ച് കയറ്റി അയക്കുകയോ കൊപ്രയാക്കുകയോ ആണ് പതിവ്.
സംഭരണാനുമതി ലഭിക്കുന്ന സഹകരണസംഘങ്ങളാകട്ടെ തേങ്ങ സംഭരിച്ച് കൊപ്രയാക്കി സർക്കാർ ഏജൻസികൾക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്.
ഇവയിൽ ഭൂരിപക്ഷവും വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സഹകരണ സംഘങ്ങളുമായിരുന്നു.
എന്നാൽ, ഇത്തരം സംഘങ്ങൾക്ക് കൊപ്രസംഭരണം നടത്താൻ നാഫെഡ് അനുമതി നിഷേധിച്ചതോടെ സർക്കാർ നോഡൽ ഏജൻസിയായ കേരഫെഡിനടക്കം പിൻമാറേണ്ടി വന്നു.
മറ്റൊരു നോഡൽ ഏജൻസിയായ മാർക്കറ്റ് ഫെഡിന് കീഴിലുള്ള സഹകരണസംഘങ്ങളാകട്ടെ കൊപ്ര ഡ്രയർ ഇല്ലാത്ത പ്രശ്നങ്ങളും ചെലവുകളും കഴിഞ്ഞ വർഷം സംഭരിച്ച് നൽകിയ ഇനത്തിൽ ലഭിക്കാനുള്ള കമ്മിഷൻ വൈകുന്നതും ചൂണ്ടിക്കാട്ടി കൊപ്ര സംഭരണത്തോട് മുഖംതിരിച്ച് നിൽക്കുകയാണ്.
ഇതാണ് സംസ്ഥാനത്ത് കൊപ്ര സംഭരണം നീളുന്നതിന് കാരണമെന്ന് പറയപ്പെടുന്നു.
ഇതിനെ മറികടക്കാൻ തമിഴ്‌നാട് ചെയ്തതുപോലെ കൃഷിവകുപ്പ് നേരിട്ട് സംഭരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..