• തിമ്മൻചാൽ റബ്ബർ തടയണയിൽ വേനൽ മഴയിൽ വെള്ളം നിറയാൻ തുടങ്ങിയപ്പോൾ
രാജപുരം : നിർമാണത്തിലെ അപാകം പരിഹരിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ തടയണയിൽ വെള്ളം നിറച്ചുതുടങ്ങി. പനത്തടി പഞ്ചായത്തിലെ എരിഞ്ഞിലംകോട് തിമ്മൻചാൽ റബ്ബർ തടയണയുടെ അപാകമാണ് ഡൽഹിയിൽനിന്ന് വിദഗ്ധരെത്തി പരിഹരിച്ചത്.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ അഞ്ച് റബ്ബർ തടയണകൾ നിർമിക്കാൻ 2.43 കോടി രൂപ സർക്കാർ അനുവദിച്ചത്. ഇതിന്റെ ഭാഗമായാണ് 50 ലക്ഷം രൂപ ചെലവിൽ തിമ്മൻചാൽ തോട്ടിൽ ആദ്യത്തെ തടയണയൊരുക്കിയത്. 2020-ൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ തടയണ 2021-ലാണ് പൂർത്തിയാക്കിയത്. എന്നാൽ വേണ്ടരീതിയിൽ വെള്ളം തടഞ്ഞുനിർത്താൻ ഇതിനായില്ല.
ഇതിനിടെ മഴയുമെത്തി. തുടർന്ന് 2022-ൽ തടയണയുടെ അറ്റകുറ്റപ്പണി നടത്തി, വെള്ളം നിറക്കാൻ ശ്രമംനടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഉടൻ ശരിയാക്കാമെന്ന് അറിയിച്ച് കരാറെടുത്തവർ മടങ്ങുകയുംചെയ്തു. തടയണ നന്നാക്കുന്നത് വൈകിയതോടെ നാട്ടുകാരിൽനിന്ന് പ്രതിഷേധമുയരുകയും യൂത്ത് കോൺഗ്രസ് സമരം നടത്തുകയും ചെയ്തിരുന്നു.
തുടർന്നാണ് കഴിഞ്ഞമാസം ഡൽഹിയിൽനിന്ന് സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി. വേനൽമഴ ലഭിച്ചതോടെ വെള്ളം തടഞ്ഞുനിർത്താനുള്ള സൗകര്യവുമൊരുക്കി. പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് എച്ചിക്കൊവ്വൽ തോട്ടിലെ റബ്ബർ തടയണയുടെ പണിയും പൂർത്തിയായി.
മഞ്ചേശ്വരം കൊമ്പംകുഴി, മധുവാഹിനി പുഴയിലെ ഷിറിയ ബാഗിലു, മുഴക്കോം നാപ്പച്ചാൽ എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് റബ്ബർ തടയണകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെ ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കിയത്.
ആറുമാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ തിമ്മൻചാലിൽ തടയണ പൂർണ സജ്ജമാക്കാൻ മൂന്ന് വർഷമാണെടുത്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..