പെരിയ : കഥകളും കവിതകളും നിർമിതബുദ്ധിയിലൂടെ രൂപപ്പെടുന്ന കാലം ഉണ്ടാകാമെന്നും അത്തരമൊരു കാലത്ത് എഴുത്തുകാരൻ അപ്രസക്തനാകുമെന്നും എഴുത്തുകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്കൃതി പുല്ലൂർ സംഘടിപ്പിച്ച വി. കോമൻ മാസ്റ്റർ സ്മാരക സംസ്കൃതി ചെറുകഥാപുരസ്കാരം സമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രതി, പ്രണയം, അധികാരം എന്നീ മൂന്ന് പ്രമേയങ്ങളുമായി ബന്ധപ്പെട്ടാണ് ഏതൊരു സാഹിത്യകൃതിയും രചിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ പുതിയ പ്രമേയങ്ങളൊന്നുംതന്നെ എഴുത്തുകാരന് ആവിഷ്കരിക്കാനില്ല. ആദികാലംമുതൽ ആവിഷ്കരിച്ചുപോന്നവയുടെ പുനരാഖ്യാനങ്ങളാണ് ഓരോ എഴുത്തും. അത് എങ്ങനെ ആവിഷ്കരിക്കുന്നു എന്നതിലാണ് കൃതി വ്യത്യസ്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2022-ലെ സംസ്കൃതി ചെറുകഥാപുരസ്കാരം അജിജേഷ് പച്ചാട്ടിന് സമർപ്പിച്ചു. അവാർഡിനർഹമായ അജിജേഷിന്റെ ‘ ചെന്നായവേട്ട’ എന്ന ചെറുകഥ യുവപ്രഭാഷക നന്ദന എം. പുല്ലൂർ സദസ്സിന് പരിചയപ്പെടുത്തി. ശശിധരൻ കണ്ണാങ്കോട്ട് അധ്യക്ഷനായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, 2023-ലെ മാതൃഭൂമി കലാലയ ചെറുകഥാപുരസ്കാരം നേടിയ അശ്വിൻ ചന്ദ്രൻ, കാലിക്കറ്റ് സർവകലാശാല എം.എസ്‌സി. ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അലീന വിത്സൺ, സ്പീക് ഫോർ ഇന്ത്യ സെമിഫൈനലിസ്റ്റ് എം. നന്ദന എന്നിവരെ അനുമോദിച്ചു.
പഠനമികവിനായി ഏർപ്പെടുത്തിയ വി. രാഘവൻ നായർ എൻഡോവ്മെന്റ് അവാർഡുകളുടെ വിതരണം മുതിർന്ന മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരൻ നിർവഹിച്ചു. രവീന്ദ്രൻ രാവേണശ്വരം, ഗോവിന്ദൻ രാവേണശ്വരം, ബാലൻ കുന്നുമ്മൽ, കവി ബാലഗോപാലൻ, ബിനു വണ്ണാർവയൽ, എ.ടി. ശശി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..