വെറ്ററിനറി ഉപകേന്ദ്രം മാറ്റരുതെന്ന് പഞ്ചായത്ത് ഭരണസമിതി


1 min read
Read later
Print
Share

രാജപുരം : പാണത്തൂരിലെ വെറ്ററിനറി ഉപകേന്ദ്രം ചെറുവത്തൂർ പിലിക്കോട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പനത്തടി പഞ്ചായത്ത് ഭരണസമിതി. കുത്തിവെപ്പിനും അത്യാവശ്യഘട്ടങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് പ്രാഥമികചികിത്സയ്ക്കും സഹായകമായിരുന്നതാണ് ഈ ഉപകേന്ദ്രം. ഇത് മാറ്റുന്നത് ക്ഷീരകർഷകർക്ക് ദുരിതമാകുന്നതിനാൽ പാണത്തൂരിൽ തന്നെ നിലനിർത്തണമെന്നും പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. നിലവിൽ അവധിയിൽ പോയിട്ടുള്ള ലൈവ് സ്റ്റോക്‌ ഇൻസ്പെക്ടർക്ക് പകരം പുതിയ ജീവനക്കാരനെ നിയമിക്കണമെന്നും ഉപകേന്ദ്രം നിലനിർത്തണമെന്നുമുള്ള ഭരണസമിതി തീരുമാനം മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് മൃഗസംരക്ഷണ വകുപ്പ് ഉപകേന്ദ്രം മാറ്റാനുള്ള തീരുമാനമെടുത്ത് പഞ്ചായത്തിന്റെ അനുമതിക്കായി കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി അംഗങ്ങളുടെ യോഗം വിളിച്ചുചേർത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഈ മേഖലയിൽ കുത്തിവെപ്പെടുക്കുന്നതിനായി എത്തിച്ചിരുന്ന കന്നുകാലികളുടെ എണ്ണം കുറഞ്ഞതോടെയാണ് കേന്ദ്രം ഇവിടെനിന്ന്‌ മാറ്റാനുള്ള നീക്കം മൃഗസംരക്ഷണവകുപ്പ് തുടങ്ങിയിട്ടുള്ളത്. എന്നാൽ ലൈവ് സ്റ്റോക്‌ ഇൻസ്പെക്ടറുടെ സേവനം ഒരുവർഷത്തിലധികമായി ഇവിടെ ലഭിക്കുന്നില്ല. ഇതോടെ കുത്തിവെപ്പ്‌ സേവനം നിലച്ചു. ഇതാണ് ഉപകേന്ദ്രം കൈയൊഴിയാൻ കാരണമെന്ന് കർഷകരും പറയുന്നു.

ഇവിടെ സ്ഥിരമായി വേണ്ട ജീവനക്കാരനില്ലാതായതോടെ കല്ലപ്പള്ളി ഭാഗങ്ങളിലെ ക്ഷീരകർഷകരടക്കം വലിയ ദുരിതത്തിലായി. ഇവർ കർണാടക സുള്ള്യയെയാണ്‌ ഇപ്പോൾ ആശ്രയിക്കുന്നത്. പാണത്തൂർ മേഖലയിലുള്ള കർഷകരാകട്ടെ ബളാന്തോട് മൃഗാസ്പത്രിയെയോ ക്ഷീര സഹകരണ സംഘങ്ങൾ വഴിയോ ആണ് കന്നുകാലികൾക്കുള്ള കുത്തിവെപ്പെടുക്കുന്നത്. ലൈവ്‌ സ്റ്റോക്‌ ഇൻസ്പെക്ടറുടെ സേവനം കൃത്യമായി ലഭിച്ചാൽ മുൻകാലങ്ങളിലെപ്പോലെ കുത്തിവെപ്പിനടക്കം കന്നുകാലികളെ എത്തിക്കുമെന്നും സംസ്ഥാനാതിർത്തിയിലെ ഉപകേന്ദ്രം മാറ്റുന്നതിനുപകരം ഇതാണ് ചെയ്യേണ്ടതെന്നും കർഷകർ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..