ഒടയഞ്ചാൽ മുത്തപ്പൻ മടപ്പുരയിൽ എത്തിയ ജമാഅത്ത് ഭാരവാഹികൾ അടിച്ചുതളി വെള്ളാട്ടത്തിന്റെ അനുഗ്രഹം വാങ്ങുന്നു
രാജപുരം : മാനവികതയുടേയും കൂട്ടായ്മയുടെയുടേയും സന്ദേശം പകർന്ന് ഒടയഞ്ചാൽ ബദരിയ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും മുത്തപ്പന്റെ അനുഗ്രഹം തേടി മടപ്പുരയിലെത്തി.
മടപ്പുരയുമായി ജമാഅത്ത് പിന്തുടരുന്ന സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് പ്രതിഷ്ഠാചടങ്ങുകളും തിരുവപ്പന കളിയാട്ടവും നടക്കുന്ന മുത്തപ്പൻ മടപ്പുരയിൽ ജമാഅത്ത് അംഗങ്ങൾ സന്ദർശനം നടത്തിയത്.
ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ഹാജി ഒടയംചാൽ, വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ഒടയംചാൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുന്നുംവയൽ, സത്താർ കണ്ണാടിപ്പാറ, ഹംസ ആലടുക്കം, ഗൾഫ് കമ്മിറ്റി ഭാരവാഹികളായ മുസ്തഫ, ഹമീദ്, ഫവാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളായ കെ.തമ്പാൻ നായർ, കെ.ബാലകൃഷ്ണൻ, ഗോപാലൻ വാഴവളപ്പിൽ, ടി.കെ.സത്യൻ, യു.ബിജു, പറശ്ശിനി മടപ്പുരയിലെ മോഹനൻ മടയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് അടിച്ചുതളി വെള്ളാട്ടത്തിന്റെ അനുഗ്രഹവും വാങ്ങി, അന്നപ്രസാദവും സ്വീകരിച്ചാണ് സംഘം മടങ്ങിയത്. സമാപനദിനമായ ബുധനാഴ്ച രാവിലെ അഞ്ച് മുതൽ തിരുവപ്പന വെള്ളാട്ടം, 11-ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, വൈകിട്ട് നാലിന് മുത്തപ്പനെ മലകയറ്റൽ എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..