പുലിയിറങ്ങിയതായി സംശയിക്കുന്ന ചാമുണ്ഡിക്കുന്ന് വണ്ണാർക്കയത്ത് വനംവകുപ്പധികൃതർ സ്ഥാപിച്ച ക്യാമറ
രാജപുരം : മലയോരത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയം. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വണ്ണാർക്കയത്ത് വളർത്തുനായയെ പരിക്കേറ്റനിലയിൽ കണ്ടെത്തി. വണ്ണാർക്കയത്തെ രാഘവന്റെ വീട്ടിലെ കെട്ടിയിട്ട നായയെയാണ് കഴിഞ്ഞദിവസം പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് ഇതേവീട്ടിൽ വളർത്തിയിരുന്ന മറ്റൊരു നായയെയും കാണാതായിരുന്നു. വിവരമറിഞ്ഞ് പനത്തടി സെക്‌ഷൻ ഫോറസ്റ്റർ ബി. ശേഷപ്പയുടെ നേതൃത്വത്തിൽ വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് മഴപെയ്തതിനാൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും സ്ഥിരീകരിക്കാനായില്ല. എന്നാൽ, പുലിയാണെന്ന സംശയമുയർന്നതോടെ ഇവിടെ വനംവകുപ്പധികൃതർ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കേരളാ-കർണാടക വനാതിർത്തി പ്രദേശമായ ഇവിടെ നിലവിൽ ഒറ്റ വീട്ടുകാർ മാത്രമാണ് താമസമുള്ളത്. ഇവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുൻപ് സമീപ സ്ഥലമായ ഓട്ടമലയിലെ സുന്ദരനായക്കിന്റെ വീട്ടിലെ വളർത്തുനായക്ക് നേരെയും പുലിയുടെ ആക്രമണമുണ്ടായതായി പറയപ്പെടുന്നു.
വനാതിർത്തി മേഖലയായ റാണിപുരം പന്തിക്കാലിലെ രതീഷിന്റെ വീട്ടിലെ വളർത്തുനായയെയും കഴിഞ്ഞദിവസം രാത്രി കാണാതായിട്ടുണ്ട്. ഇത് പൂച്ചപ്പുലി വിഭാഗത്തിൽപ്പെടുന്ന ജീവിയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പധികൃതരുടെ നിഗമനം.
പുലിയിറങ്ങിയതായി സംശയിക്കുന്ന ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്. എന്നാൽ, തുടർച്ചയായി മലയോരത്തെ വനാതിർത്തിമേഖലകളിൽ പുലിയടക്കമുള്ള വന്യമൃഗങ്ങൾ തീറ്റതേടി ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..