പനത്തടി പഞ്ചായത്തംഗം കെ.ജെ. ജെയിംസും വിദ്യാർഥികളും വന്ദേഭാരത് യാത്രയ്ക്കിടെ
രാജപുരം : ആദ്യമായി തീവണ്ടിയിൽ കയറുന്ന ആശങ്കയേതുമില്ലാതെ ആടിയും പാടിയും ആഘോഷ യാത്രയാക്കി വിദ്യാർഥികളുടെ വന്ദേഭാരത് യാത്ര. അവരോട് പറഞ്ഞ വാക്ക് പാലിക്കാനായതിന്റെ സന്തോഷത്തിൽ പനത്തടി പഞ്ചായത്തംഗം കെ.ജെ. ജയിംസ്.
പ്രദേശത്തെ 16 വിദ്യാർഥികളാണ് പഞ്ചായത്തംഗം കെ.ജെ. ജയിംസിന്റെ നേതൃത്വത്തിൽ വന്ദേഭാരത് തീവണ്ടിയിൽ മുഴുവൻ ത്രില്ലും ആസ്വദിച്ച് ആദ്യ തീവണ്ടി യാത്ര നടത്തിയത്.
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒൻപതിന് പനത്തടി പഞ്ചായത്തിലെ പത്താം വാർഡിലൂടെ കടന്നുപേകുന്ന സംസ്ഥാന പാതയോരം വൃത്തിയാക്കിരുന്നു. ബളാന്തോട് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗം കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും വൃത്തിയാക്കാനിറങ്ങിയതോടെ വിദ്യാർഥികളും അവർക്കൊപ്പം കൂടി. ഒരേ മനസ്സോടെ കുട്ടികളും പൊതുസ്ഥലം വൃത്തിയാക്കാനെത്തിയത് പഞ്ചായത്ത് അംഗത്തിന്റെയും മനസ്സ് കുളിർപ്പിച്ചു.
സംസ്ഥാന അതിർത്തിയും മലയോര മേഖലയുമായ പനത്തടിയിലെ സാധാരണക്കാരായ കുട്ടികളിൽ ഭൂരിഭാഗത്തിനും തീവണ്ടിയിൽ കയറാൻ അവസരം ലഭിച്ചിട്ടില്ല. അത് അറിയാവുന്ന കെ.ജെ. ജയിംസ് പിന്നെ ഒന്നും നോക്കിയില്ല. വിദ്യാർഥികളിൽ ആവേശം നിറച്ച് കാസർകോട് മുതൽ കണ്ണൂർവരെ വന്ദേഭാരത് തീവണ്ടി യാത്ര പ്രഖ്യാപിക്കുകയായിരുന്നു.
ടിക്കറ്റ് ലഭിക്കാനുള്ള കാലതാമസത്തെ തുടർന്ന് ശനിയാഴ്ചയാണ് ജെയിംസിന്റെ നേതൃത്വത്തിൽ കുട്ടികൾ വന്ദേഭാരതിൽ സന്തോഷകരവും എന്നും മനസ്സിൽ സൂക്ഷിച്ച് വയ്ക്കുന്നതുമായ യാത്ര നടത്തിയത്.
ഉച്ചയോടെ കാസർകോട്ടെത്തിയ സംഘം 2.30-ന് പുറപ്പെട്ട വന്ദേഭാരതിൽ ആടിയും പാടിയും ആഘോഷ തിമിർപ്പുമായാണ് കണ്ണൂരിലെത്തിയത്. തുടർന്ന് അവിടെ നിന്നും വയർ നിറയെ ഭക്ഷണം കഴിച്ച ശേഷം ജെയിസും കൂട്ടുകാരും തിരിച്ച് കാഞ്ഞങ്ങാട്ടേക്കും തീവണ്ടിയിൽ മടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..