ആശ്വാസം... പ്രതീക്ഷ...കൈത്താങ്ങായി അദാലത്ത്


2 min read
Read later
Print
Share

ഹൊസ്ദുർഗ് താലൂക്ക്തല അദാലത്തിൽ കാഞ്ഞങ്ങാട് തീർഥങ്കരയിലെ ഗിരിജയ്ക്ക്‌ മുൻഗണനാ വിഭാഗത്തിലേക്ക്‌ മാറ്റിയ റേഷൻകാർഡ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ നൽകുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമീപം

കാഞ്ഞങ്ങാട് : വീടില്ലാത്തവർ, വഴിയില്ലാത്തവർ, വയ്യാതായവർ, വരുമാനമാനമാർഗത്തിന്‌ വഴിതേടുന്നവർ. സങ്കടമനസ്സുകൾക്ക് സാന്ത്വനമായി സർക്കാരിന്റെ അദാലത്ത്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും അഹമ്മദ് ദേവർകോവിലും കൈയൊപ്പ് ചാർത്തിയപ്പോൾ പെയ്തൊഴിഞ്ഞത് നിരവധിപേരുടെ സങ്കടങ്ങളാണ്. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഹൊസ്ദുർഗ് താലൂക്കുതല അദാലത്തിലാണ് സർക്കാരിന്റെ കരുതലും കൈത്താങ്ങുമുണ്ടായത്. റേഷൻകാർഡുകളുമായി ബന്ധപ്പെട്ട പ്രശ്നം, സ്ഥലമാറ്റം തുടങ്ങി പൊതുപ്രശ്നങ്ങൾ വരെ അപേക്ഷകളായെത്തി.

മുന്നൂറോളം അപേക്ഷകളിലാണ് ഒറ്റ ദിവസം കൊണ്ട് തീർപ്പായത്‌. 608 ഓൺലൈൻ അപേക്ഷകളാണുണ്ടായിരുന്നത്. ഇതിൽ 166 പേരാണ് എത്തിയത്. 151 പേർ നേരിട്ടെത്തി അപേക്ഷ നൽകി. ജില്ലാതല ഉദ്യോഗസ്ഥരെ മുന്നിൽനിർത്തി ഓരോ അപേക്ഷകളിലെയും പ്രശ്നങ്ങൾ അപ്പപ്പോൾ തീർത്തു.

ചക്രക്കസേരയിലെത്തിയവരെ സിവിൽ സ്റ്റേഷന് പുറത്തേക്കുചെന്ന്‌ കണ്ടാണ് മന്ത്രിമാർ ആവലാതികളും പരാതികളും കേട്ടത്. പതിവ് ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മുൻഗണനാവിഭാഗം റേഷൻകാർഡുകൾ വിതരണം ചെയ്താണ് അദാലത്തിന് തുടക്കമിട്ടത്. ആറുപേർക്ക് റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകി.

എം.എൽ.എ.മാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ കെ.ഇമ്പശേഖർ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാന്ത്വനം

കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി നൽകിയിരുന്ന മരുന്നും വാഹനസൗകര്യവും തുടർന്നും ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണനും നൽകിയ പരാതിയിൻമേലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രോഗികൾക്കുള്ള മരുന്നുവിതരണം മുടങ്ങരുതെന്നും ചികിത്സയ്ക്കായി ആസ്പത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടുനൽകണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസിനോട് നിർദേശിച്ചു. ദേശീയാരോഗ്യദൗത്യം വഴിയാണ് നേരത്തേ മരുന്നും വാഹനസൗകര്യവും ദുരിതബാധിതർക്ക് നൽകിയിരുന്നത്. പുതിയ സാമ്പത്തികവർഷത്തിൽ ലഭ്യമാകേണ്ട ഫണ്ട് ലഭിച്ചില്ല. അതിനാൽ, ഒരുമാസമായി വാഹനസൗകര്യമില്ല. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്. ഫണ്ട് ലഭ്യമാക്കുന്ന കാര്യം ധനമന്ത്രിയുമായി സംസാരിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

യോഗം ജൂണിൽ തിരുവനന്തപുരത്ത്

:ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ധനമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ചചെയ്യുമെന്നും യോഗം ജൂണിൽ തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും യോഗത്തിൽ പങ്കെടുപ്പിക്കും, സർക്കാർതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട പ്രശ്നങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതിനാണ് തിരുവനന്തപുരത്ത് സെൽ യോഗം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..