70 വിദ്യാലയങ്ങളിൽ ജലക്ഷാമം : വെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി


2 min read
Read later
Print
Share

Caption

ചെറുവത്തൂർ: വിദ്യാലയങ്ങളിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കുടിവെള്ളമെത്തിക്കാൻ ജലവിഭവവകുപ്പിന് നിർദേശം നൽകി. കുടിവെള്ളമില്ലാത്ത വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെയും അധ്യാപകർ ഉൾപ്പെടെയുള്ളവരുടെയും കണക്കും ആവശ്യമായ ജലസംഭരണികളുടെ അളവും ശേഖരിച്ചു. കളക്ടറുടെ നിർദേശത്തെ തുടർന്ന് ഡി.ഡി.ഇ. ജലവിതരണവകുപ്പ് അധികൃതർക്ക് വിദ്യാലയങ്ങളുടെ പട്ടിക കൈമാറി. വെള്ളമില്ലാത്ത വിദ്യാലയങ്ങളിൽ അടിയന്തരമായി വെള്ളമെത്തിക്കാനാണ് നിർദേശം.

ജില്ലയിൽ കുടിവെള്ളക്ഷാമം നേരിടുന്ന 70 വിദ്യാലയങ്ങളാണുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 10 വിദ്യാലയങ്ങളിൽ തീരെ വെള്ളമില്ല. വിദ്യാഭ്യാസ ജില്ലാ ഓഫീസർമാരിൽനിന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരിൽനിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഭാഗികമായി ജലക്ഷാമം നേരിടുന്ന 60 വിദ്യാലയങ്ങളിൽ ത്രിതല പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണും. വിദ്യാലയങ്ങൾ തുറന്ന ശേഷം പരിശോധന നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ.വാസു അറിയിച്ചു.

കുടിവെള്ളക്ഷാമം വിദ്യാലയങ്ങളിലെ മുന്നൊരുക്കത്തിന് തടസ്സമായ സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടർ തിങ്കളാഴ്ചയാണ് വിദ്യഭ്യാസ ജില്ലാ ഓഫീസർമാരോടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോടും റിപ്പോർട്ട് തേടിയത്. 'പ്രവേശനോത്സവ മുന്നൊരുക്കം പ്രതിസന്ധിയിൽ' മാതൃഭൂമി വാർത്തയാണ് നടപടി വേഗത്തിലാക്കിയത്.

ശാശ്വത പരിഹാരം കാണണം

രൂക്ഷമായ ജലക്ഷാമം വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. ഇത് പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളും പി.ടി.എ. കമ്മിറ്റികളും ഉണർന്ന് പ്രവർത്തിക്കണം. വിദ്യാർഥി സംഘടനയെന്ന നിലയിൽ കെ.എസ്.യു. ഒപ്പമുണ്ടാകും..

പ്രവാസ് ഉണ്ണിയാടൻ

കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിക്രിയാത്മകമായി ഇടപെടും

വേനൽമഴ ജില്ലയിൽ വേണ്ടത്ര ലഭിച്ചിട്ടില്ല. ഒട്ടേറെ വിദ്യാലയങ്ങളിൽ ജലക്ഷാമം ഉണ്ടെന്നത് വസ്തുതയാണ്. എന്നിരുന്നാലും തീരുമാനിച്ച തീയ്തിയിൽ അധ്യയനം തുടങ്ങേണ്ടതുണ്ട്. കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവയ്ക്ക് തടസ്സം വരാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. സ്റ്റുഡന്റ് ബറ്റാലിയൻ എന്ന നിലയിൽ എസ്.എഫ്.ഐ. പ്രശ്‌നത്തിൽ ക്രിയാത്മക ഇടപെടൽ നടത്തും.

എം.ടി.സിദ്ധാർഥൻ

എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറികുടിവെള്ള ക്ഷാമം ആശങ്കാജനകം

ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും രൂക്ഷമായ ജലക്ഷാമെന്നത് ആശങ്കാജനകമാണ്. കുടിവെള്ളത്തിന് പോലും ക്ഷാമമുണ്ടാകുന്ന സാഹചര്യത്തെ നേരിടാൻ ആവശ്യമായ നടപടികളെടുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാർ നൽകണം. പി.ടി.എ സമിതികളുടെ സഹകരണത്തോടെ അവരുടെ അഭിപ്രായത്തിന് കൂടി പ്രാമുഖ്യം നൽകി നടപടി സ്വീകരിക്കണം. വിദ്യാലയ മാനേജ്‌മെന്റിനും അധ്യാപക-രക്ഷകർതൃ സമിതികൾക്കൊപ്പം എ.ബി.വി.പി. സന്നദ്ധ സേനയും സജീവമായി രംഗത്തുണ്ടാകും.

വിഷ്ണു വരക്കാട് എ.ബി.വി.പി. ജില്ലാ പ്രസിഡന്റ്മുൻകൂട്ടി കാണണമായിരുന്നു

ജൂൺ ഒന്നിന് വിദ്യാലങ്ങൾ തുറക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ തന്നെ വിദ്യാലയങ്ങളിലെ കുടിവെള്ള പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കുകയും പരിഹാരം കാണേണ്ടതുമായിരുന്നു. വീഴ്ച വിലയിരുത്തി ഉടൻ പരിഹാരം കാണാൻ ബന്ധപ്പെട്ടവരെല്ലാം മുൻകൈയെടുക്കണം.

അസ്ഹറുദ്ദീൻ മണിയനോടി

എം.എസ്.എഫ്. ജില്ലാ ഖജാൻജിമുഴുവൻ വിദ്യാലയങ്ങളിലും കുടിവെള്ളം ഉറപ്പാക്കണം

പഠനാന്തരീക്ഷം മികവുറ്റതാകണമെങ്കിൽ മുഴുവൻ വിദ്യാലയങ്ങളിലും കുടിവെള്ളം ഉറപ്പാക്കണം. വരും കാലങ്ങളിലേക്കുള്ള കരുതലിനായി എല്ലാ വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികൾ നിർമ്മിക്കാനും സംരക്ഷിക്കാനും നടപടി സ്വീകരിക്കണം.

കെ.കെ.സോയ

എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..