Caption
കാസർകോട്: എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിന് പിന്നാലെ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നാണ് ഒൗദ്യോഗിക അറിയിപ്പ്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്നതല്ല സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ. 1:40 എന്ന അനുപാതത്തിൽ കുട്ടികളെ ഇരുത്തിയിരുന്ന ക്ലാസ് മുറികളിൽ കഴിഞ്ഞ വർഷം ശരാശരി 50 കുട്ടികൾ വരെ ഇരുന്നാണ് പഠിച്ചത്. ഇത്തവണ 30 ശതമാനം സീറ്റ് വർധിച്ചാൽ കുട്ടികളുടെ എണ്ണം ഒരു ക്ലാസിൽ 65 മുതൽ 70 വരെയാകും. സാധാരണ ക്ലാസ് മുറികളിൽ ഞെരുങ്ങിയിരിക്കേണ്ട ഗതികേടാണ് ഉണ്ടാകുക.
പ്ലസ് വൺ, വി.എച്ച്.എസ്.ഇ., ഐ.ടി.ഐ. തുടങ്ങിയ കോഴ്‌സുകളുണ്ടെങ്കിലും അതുകൊണ്ടും മതിയാകുന്നതല്ല സീറ്റ് പ്രശ്നം. സീറ്റ് വർധനയെ ചൂണ്ടിക്കാട്ടി എസ്.എസ്.എൽ.സി. വിജയിച്ച കുട്ടികൾക്കെല്ലാം ഉപരിപഠനം നടത്താമെന്ന് അധികൃതർ പറയുമ്പോൾ എങ്ങനെ സാധ്യമാകുമെന്നുമാത്രം വിശദീകരിക്കപ്പെടുന്നില്ല. നിലവിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള സീറ്റ് വർധന അശാസ്ത്രീയമെന്നാണ് വിദ്യാഭ്യാസമേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. കഴിഞ്ഞതവണ താത്കാലിക ബാച്ച് അനുവദിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സ്ഥിരമായി അധിക ബാച്ചുകൾ അനുവദിക്കുന്നതാണ് അതിന് പരിഹാരമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രവേശനനടപടി ആരംഭിക്കുന്നതിന് മുൻപ് അതിനുള്ള നടപടികളുണ്ടാകണം. അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ ലാബ് സൗകര്യമുൾപ്പെടെ ലഭ്യമാക്കി ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾക്കൊപ്പം ജീവശാസ്ത്രമുൾക്കൊള്ളുന്ന സയൻസ് വിഷയങ്ങൾ കൂടി പഠിക്കാൻ അവസരമൊരുക്കുകയും വേണം. അധിക ബാച്ച്, അധിക ഡിവിഷൻ എന്നിവയാണ് നിലവിലെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം.
മലബാർ ജില്ലകളിലാണ് സീറ്റുകളുടെ പ്രശ്നം ഏറെയുള്ളത്. നേരത്തേ ഹയർസെക്കൻഡറി സീറ്റ് ക്ഷാമം സംബന്ധിച്ച പഠനം നടത്തിയ വി.കാർത്തികേയൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ 150 അധിക ബാച്ചുകൾ വേണമെന്ന നിർദേശമുണ്ട്.
കാസർകോട്ട് കുട്ടികൾ പിന്നെയും പുറത്താകും
ജില്ലയിൽ നിലവിലുള്ള ഹയർസെക്കൻഡറി സീറ്റുകൾ അടിസ്ഥാനമാക്കിയുള്ള വർധന വന്നാലും പത്താംതരം വിജയിച്ച മുഴുവനാളുകൾക്കും പ്രവേശനം ലഭിക്കില്ല.
സർക്കാർ തീരുമാനപ്രകാരം പരമാവധി സീറ്റ് വർധിപ്പിച്ചാലും 1556 കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമുണ്ടാകില്ല.
സംസ്ഥാന സിലബസിന് പുറമേ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സിലബസുകളിൽ പഠിച്ച കുട്ടികൾ കൂടിയെത്തുമ്പോൾ പിന്നെയും കുട്ടികൾ പുറത്തിരിക്കേണ്ടുന്ന അവസ്ഥയാണുണ്ടാകുക.
പ്ലസ് വണിന് അധിക ബാച്ചുകൾ വേണം;
കാസർകോട് : ജില്ലയിൽ എസ്.എസ്.എൽ.സി. വിജയിച്ച 3481 വിദ്യാർഥികൾക്ക് ഇക്കുറി ഉപരിപഠനത്തിന് സീറ്റ് ലഭിക്കില്ലെന്നും അധിക ബാച്ച് അനുവദിച്ച് പ്രശ്നപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംയുക്ത സമരത്തിന്. 19,466 വിദ്യാർഥികൾ എസ്.എസ്.എൽ.സി. വിജയിച്ചപ്പോൾ പ്ലസ് വൺ, വി.എച്ച്.എസ്.ഇ., പോളിടെക്‌നിക്, ഐ.ടി.ഐ., കഴിഞ്ഞ വർഷം അനുവദിച്ച ഒരു താത്കാലിക ബാച്ച് അടക്കം ജില്ലയിൽ ആകെ 15,985 സീറ്റുകളാണുള്ളത്. മതിയായ ബാച്ചുകളോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വർധിപ്പിച്ച് നടത്തുന്ന ശ്രമം പ്രശ്നപരിഹാരമല്ല.
പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മലബാറിലെ എല്ലാ ഹൈസ്കൂളുകളും ഹയർ സെക്കൻഡറിയായി ഉയർത്തുക, ഹയർസെക്കൻഡറി സീറ്റുവർധനയ്ക്കും താത്കാലിക ബാച്ചുകൾക്കും പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. വിഷയം ഉയർത്തി പൊതുജനങ്ങളുടെ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകുമെന്നും പ്രാദേശികതലത്തിൽ ധർണ നടത്തുമെന്നും വെൽഫെയർ-ഫ്രറ്റേണിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി.എ.യൂസുഫ്, ടി.കെ.അഷ്‌റഫ്, സി.എച്ച്.ബാലകൃഷ്ണൻ, ഉമ്മു ഇബാൻ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..