ഗോത്രവാഹിനിയും ഗോത്രസാരഥിയുമില്ല; ഇനി വിദ്യാവാഹിനി


1 min read
Read later
Print
Share

വെള്ളരിക്കുണ്ട് : പട്ടികവർഗവിഭാഗം കുട്ടികൾക്ക് സ്കൂളിലെത്താനുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളായ ഗോത്രസാരഥിയും ഗോത്രവാഹിനിയും ഇനിയില്ല. പകരം പട്ടികവർഗ വികസനവകുപ്പ് നേരിട്ട് നടപ്പാക്കുന്നത് വിദ്യാവാഹിനി പദ്ധതി. വ്യാഴാഴ്ച സ്കൂൾ തുറക്കുമെങ്കിലും ഈ പദ്ധതിയുടെ നിർവഹണം വൈകും.

പട്ടികവർഗ ഉപപദ്ധതിയിലായിരുന്നു രണ്ട് പദ്ധതികളും. നടത്തിപ്പിലെ വീഴ്ച വൻ സാമ്പത്തികബാധ്യത വരുത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. സാമ്പത്തിക വിനിയോഗത്തിലും അർഹരായവരെ തിരഞ്ഞടുക്കുന്നതിലും ചില സ്കൂളുകളിൽ വീഴ്ചവന്നതായി കണ്ടെത്തിയിരുന്നു.

ഹയർ സെക്കൻഡറിയിലും ഹൈസ്കൂളുകളിലുമായി 14 സ്കൂളുകളിലായിരുന്നു ഗോത്രവാഹിനി. ഇതിൽ 10 സ്കൂളുകൾ വെള്ളരിക്കുണ്ട് താലൂക്കിൽ. പട്ടികവർഗ സങ്കേതങ്ങളുള്ള പഞ്ചായത്തുകളിലെ എൽ.പി. സ്കൂളുകളിലായിരുന്നു ഗോത്രസാരഥി. സ്കൂളിലെത്താൻ തീർത്തും പ്രയാസപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ച്‌ തുടങ്ങിയ പദ്ധതി സൂക്ഷ്മതയില്ലാതെ നടപ്പാക്കിയതോടെ വൻ സാമ്പത്തികബാധ്യതവരുത്തി. മുൻവർഷം ജില്ലാ പഞ്ചായത്തിന് രണ്ടേകാൽ കോടിയോളം മാറ്റിവെക്കേണ്ടിവന്നു. പട്ടികവർഗവിഭാഗത്തിനുവേണ്ട മറ്റ് പദ്ധതികൾ നടപ്പാക്കാൻ തുകയില്ലാതെവന്നു.

വ്യവസ്ഥകൾ ഇങ്ങനെ

വനാതിർത്തിയിലോ വനത്തിനുള്ളിലോ താമസിക്കുന്ന കുടുംബങ്ങളിൽനിന്നുള്ള കുട്ടികളെ ഏറ്റവും അടുത്തുള്ള സ്കൂളിലെത്തിക്കും. പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽസാധ്യത എന്നനിലയിൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ വാഹനങ്ങൾതന്നെ പദ്ധതിക്കായി ഉപയോഗിക്കണം.

ലഭ്യമല്ലെങ്കിൽ അധികൃതരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് വാഹനങ്ങൾ കണ്ടെത്താം. വാഹനവാടക മോട്ടോർവാഹനവകുപ്പിന്റെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. സ്കൂൾബസിൽ വരുന്ന കുട്ടികൾക്ക് യാത്രച്ചെലവ് നൽകും. പദ്ധതിയിൽപ്പെടുന്ന കുട്ടികൾക്ക് ഇൻഷുറൻസ് സംരക്ഷണമേർപ്പെടുത്തണം. സ്കൂൾതല കമ്മിറ്റികൾ കർശനമായി മേൽനോട്ടം വഹിക്കണം. സ്കൂളുകളിൽ പദ്ധതിനടത്തിപ്പിനുള്ള കമ്മിറ്റികൾ രൂപവത്കരിച്ചുഴിഞ്ഞു. റൂട്ടുകളുടെ എണ്ണവും വാടക സംബന്ധിച്ചും ജില്ലാ പട്ടികവർഗ ഓഫീസറാണ് അവസാനതീരുമാനമെടുക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..