എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്‌സസ് റാങ്ക് ഹോൾഡർമാർ നടത്തിയ കളക്ടറേറ്റ് മാർച്ച് എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് : ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് റാങ്ക് പട്ടിക നിലവിൽവന്ന് ഒന്നരവർഷം കഴിഞ്ഞിട്ടും നിയമനം കാത്ത് ഉദ്യോഗാർഥികൾ. 26 നിയമനങ്ങൾ മാത്രമാണ് നടന്നത്. ജില്ലയിലെ റാങ്ക് പട്ടിക നിലവിൽവന്നശേഷം രണ്ടുതവണ നഴ്‌സിങ് ഓഫീസർ ഗ്രേഡ്-ഒന്ന് സ്ഥാനക്കയറ്റം നടന്നുവെങ്കിലും അതിലൂടെ വന്ന ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ശൂന്യവേതന അവധികൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും 22 നഴ്‌സിങ് ഓഫീസർമാർ ശൂന്യവേതന അവധിയിൽ പോയിട്ടുണ്ടെന്നും കണക്കുകൾ സഹിതം അവർ പറയുന്നു.
നാൽപ്പതിലധികം ഒഴിവുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യാൻ ബാക്കിയുണ്ട്.
ജില്ലാ-ജനറൽ ആസ്പത്രികൾ, അമ്മയും കുഞ്ഞും അസ്പത്രി, പ്രാഥമിക-സാമൂഹിക-കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും റാങ്ക് ഹോൾഡർമാർ ചൂണ്ടിക്കാട്ടി.
കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
:സ്റ്റാഫ് നഴ്‌സ് റാങ്ക് പട്ടികയിൽനിന്ന് നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്‌സിന്റെ കളക്ടറേറ്റ് മാർച്ച്. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ആരോഗ്യവകുപ്പിൽ നഴ്‌സ്-രോഗി അനുപാതം പുനഃക്രമീകരിക്കുക, താത്കാലിക നിയമനങ്ങൾ കുറക്കുക, ആർദ്രം പദ്ധതിയിൽ നിലവാരം വർധിപ്പിച്ച ആരോഗ്യ കേന്ദ്രങ്ങളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഗണേശൻ അരമങ്ങാനം അധ്യക്ഷനായി. സാമൂഹികപ്രവർത്തക ദയാബായി, നാസർ ചെർക്കളം, നാസർ കൊട്ടിലങ്ങാട്, സലീം ചൗക്കി, ശ്രീനാഥ് ശശി, ഹക്കീം ബേക്കൽ, കെ.ബി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. തുടർന്ന് റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികളും എയിംസ് കൂട്ടായ്മ ഭാരവാഹികളും കളക്ടർ കെ. ഇമ്പശേഖറിനെ കണ്ട് നിവേദനം സമർപ്പിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..