കാസർകോട് : വിലയിടിവിൽ വലയുന്ന നാളികേര കർഷകർക്ക് പ്രതീക്ഷയുമായി ബേഡകം തെങ്ങിനം. വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ ഭാഗമായി ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തൈകൾ വികസിപ്പിച്ച് കർഷകരിലെത്തിക്കുന്നത്.
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതികസഹായം പദ്ധതിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും സഹായവുമായി രംഗത്തുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്തും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും സംയുക്ത പദ്ധതിയിൽ ബേഡകത്തിനൊപ്പമുണ്ട്.
ബേഡഡുക്ക, മുന്നാട്, കൊളത്തൂർ തുടങ്ങിയയിടങ്ങളിൽ ഏറെ പ്രചാരമുള്ള തെങ്ങിനമാണ് ബേഡകം. ചെങ്കൽമണ്ണിൽ ജലസേചന സൗകര്യമില്ലാത്ത കൃഷിയിടങ്ങളിൽ ഈ ഇനം കരുത്തറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കർഷകർക്ക് പ്രിയപ്പെട്ട ഇനമായി മാറാനും കഴിഞ്ഞിട്ടുണ്ട്. സാധാരണ പശ്ചിമതീര നെടിയ ഇനത്തേക്കാൾ ഉയരം കുറവാണ് ബേഡകം തെങ്ങിനെന്നതും പ്രത്യേകതയാണ്.
പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
കുണ്ടംകുഴി : പരിസ്ഥിതിദിനാചരത്തിന്റെ ഭാഗമായി ബേഡഡുക്ക പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രണ്ടിന് വലിയപാറ മോലോത്തുംകാവിൽ നടക്കും.
ബേഡകം തെങ്ങ് സുരക്ഷണവും വിനിയോഗവും പദ്ധതി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി.ജോർജ് തോമസ് ഉദ്ഘാടനം ചെയ്യും. ഹരിതസഭയുടെ ഉദ്ഘാടനം കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ബി.ഹെബ്ബാർ നിർവഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..